സ്വന്തം ലേഖകന്‍: കാമുകനെ കഴുത്തറുത്തുകൊന്ന് ഹൃദയം അറുത്തെടുത്ത ബംഗ്ലാദേശ് യുവതിക്ക് വധശിക്ഷ. വിവാഹ അഭ്യര്‍ഥന നിരസിക്കുകയും ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്ത യുവാവിനോടുള്ള പ്രതികാരമായാണ് യുവതി കടുംകൈ ചെയ്തത്.
ഫാതിമ അക്തര്‍ സൊനാലി എന്ന 21 കാരിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വമാണെങ്കിലും ഈ യുവതിയുടെ കേസ് അസാധാരണമാണെന്ന് കോടതി വ്യക്തമാക്കി. ഇംദാദുല്‍ ഹഖ് ഷിപോണ് എന്ന തന്റെ കാമുകനെ കൊന്നതായി യുവതി കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
2014 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. 28കാരനായ ഇംദാദുലിന് ശീതളപാനീയത്തില്‍ 20 ഉറക്കഗുളികകള്‍ ചേര്‍ത്തുനല്‍കി മയക്കിയശേഷം കഴുത്തറുത്ത് കൊല്ലുകയും നെഞ്ചുപിളര്‍ന്ന് ഹൃദയം അറുത്തെടുക്കുകയുമായിരുന്നു യുവതി.
അയാളുടെ ഹൃദയം എത്ര വലുതാണെന്ന് അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് ഹൃദയം അറുത്തെടുത്തതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. കോടതി വിധിക്കെതിരെ സൊനാലിക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണ്.
എന്നാല്‍, സുപ്രീം കോടതി വധശിക്ഷ ശരിവക്കുകയാണെങ്കില് ബംഗ്ലാദേശില്‍ തൂക്കിക്കൊല്ലുന്ന ആദ്യ വനിതയാകും സൊനാലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല