സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനിമുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണം. വാഹന നിര്‍മാതാക്കളുടെ യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഈ നിര്‍ദേശം നല്‍കിയത്. ഐ.എസ്.ഐ നിലവാരത്തിലുള്ള ഹെല്‍മറ്റാകണം നല്‍കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും ഇനിമുതല്‍ സൗജന്യമായി നല്‍കണം. നിലവില്‍ നമ്പര്‍ പ്ലേറ്റിനു പോലും ഉപഭോക്താക്കളില്‍നിന്ന് അധികവില ഈടാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഏപ്രില്‍ ഒന്നു മുതല്‍ ഇവ കര്‍ശനമായി നടപ്പാക്കും.
വാഹനം വാങ്ങുന്നവര്‍ക്ക് പുതിയ തീരുമാന പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവരുടെ വില്‍പനക്കുള്ള അംഗീകാരം റദ്ദാക്കും. വാഹന ഡീലര്‍മാര്‍ ഉപഭോക്താക്കളെ ചില കമ്പനികളുടെ ഇന്‍ഷുറന്‍സ് എടുക്കാന്‍ നിര്‍ബന്ധിക്കുന്നതും നിയമ വിരുദ്ധമാണെന്ന് തച്ചങ്കരി പറഞ്ഞു.
ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് കമ്പനി തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. ഇത് ലംഘിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. റോഡ് സുരക്ഷയുടെ ഭാഗമായി വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള ബ്ലൂടൂത്ത് സൗകര്യം വാഹനം ഓടുമ്പോള്‍ ഉപയോഗക്ഷമമല്ലാതാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും തച്ചങ്കരി നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല