സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു.
68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍, വൃക്ക സംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
1948 ജനുവരി 15 നു കോഴിക്കോടിനടുത്ത് ചേമഞ്ചേരിയില്‍ ഡോ. എം.ആര്‍. വിജയരാഘവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച ബാബു ഭരദ്വാജ് പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു.
മാധ്യമ പ്രവര്‍ത്തനായും എഴുത്തുകാരനായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാബു ഭരദ്വാജിന്റെ കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനു 2006 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
കൈരളി ടിവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വാരിക എഡിറ്റര്‍, മീഡിയവണ്‍ പ്രോഗ്രാം ചീഫ് എന്നീ ചുമതലകളും വഹിച്ചു.
രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിക്കാത്ത ഓര്‍മകള്‍ എന്ന സിനിമയുടെ നിര്‍മാതാവാണ്. പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ് തിയറ്റര്‍ (ചെറുകഥാസമാഹാരം), പഞ്ചകല്യാണി, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യനഗരങ്ങള്‍ എന്നിവയാണു പ്രധാനകൃതികള്‍. ഭാര്യ: പി.കെ. പ്രഭ. രേഷ്മയും താഷിയുമാണ് മക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല