അലക്‌സ് വര്‍ഗീസ്: കത്തോലിക്കാ തിരുസഭ ഏറ്റവും ഭക്തിയോടും പരിശുദ്ധിയോടും കൂടി കൊണ്ടാടുന്ന വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളും സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയും അതേ വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി ആചരിച്ചു.
ഓശാന ഞായര്‍
യേശു ക്രിസ്തുവിനെ ആഘോഷമായി ജെറുസലേം പട്ടണത്തിലേക്ക് സ്വീകരിച്ച ഓശാന തിരുന്നാള്‍ ദിവസം രാവിലെ ബഹുമാനപ്പെട്ട കുര്യന്‍ കാരിക്കല്‍ അച്ചനും ടീം ആംഗങ്ങളും നയിച്ച ഏകദിന ധ്യാനത്തോടെ ആരംഭിച്ചു.പ്രശസ്ത സംഗിത സംവിധായകനായ പീറ്റര്‍ ചേരനറ്റൂരിന്റെ ഭക്തിനിര്‍ഭരമായ സംഗീത പ്രാര്‍ത്ഥനയുടെ നിമിഷങ്ങളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.ധ്യാനത്തിന് ശേഷം വൈകുന്നേരം ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു.ക്‌നാനായ ചാപ്ലന്‍സിയുടെ ചാപ്ലയിന്‍ ഫാ സജി മലയില്‍പുത്തന്‍പുരയില്‍ നേതൃത്വത്തില്‍ ഫാ മാത്യു,ഫാ ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് കുരുത്തോലകള്‍ വെഞ്ചരിക്കുകയും ഇടവക ജനങ്ങള്‍ കുരുത്തോലകള്‍ ഏന്തി പ്രതിക്ഷണമായി ദേവാലയത്തില്‍ പ്രവേശിച്ചു ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്തു.
പെസഹാ വ്യാഴം
യേശുക്രിസ്തുവിന്റെ ഒടുവിലത്തെ അത്താഴത്തേയും പരിശുദ്ധ കുര്‍ബ്ബാനയുടെ സമാപന ദിവസവുമായ പെസഹാ വ്യാഴം വിശുദ്ധ ഗ്രന്ഥത്തിന്റെ പുതിയ നിയമത്തേയും പഴയ നിയമത്തേയും ആധാരമാക്കി ക്‌നാനായ ചാപ്ലയന്‍സി ആഘോഷിച്ചു.12 ശ്ലീഹന്‍മാരുടെ കാലുകള്‍ യേശു കഴുകിയതിനെ അനുസ്മരിച്ചുകൊണ്ടു സജി അച്ചന്‍ 12 യുവാക്കന്മാരുടെ കാലുകള്‍ കഴുകി.ദിവ്യബലിക്ക് ശേഷം ഇടവക ജനങ്ങള്‍ എല്ലാവരും ഒരേ കുടുംബം പോലെ INRI അപ്പം മുറിക്കുകയും ഒരു കുടുംബ നാഥനെ പോലെ ചാപ്ലയിന്‍ ആയ സജി അച്ചന്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ഏവര്‍ക്കും അപ്പവും പെസഹാ പാലും നല്‍കി.ഗായക സംഘത്തിന്റെ പാന വായന കുട്ടികള്‍ക്കും യുവതിയുവാക്കന്മാര്‍ക്കും ഒരു നവ്യാനുഭവമായി.
ദുഖവെള്ളി
ഈശോയുടെ പീഡാനുഭവത്തേയും മരണത്തേയും അനുസ്മരിപ്പിക്കുന്ന ദിവസമായ ദുഖവെള്ളി ഹൃദയ സ്പര്‍ശിക്കുന്ന രീതിയില്‍ ആണ് സെന്റ് മേരിസ് ക്‌നാനായ ചാപ്ലയന്‍സി ആചരിച്ചത്.പീഡാനുഭവ കര്‍മ്മങ്ങള്‍ക്ക് ശേഷം നടത്തിയ കുരിശിന്റെ വഴിയിലെ ഓരോ രംഗങ്ങളും സ്‌ക്രീനില്‍ ദര്‍ശിച്ചുകൊണ്ട് ചൊല്ലിയപ്പോള്‍ കുട്ടികളേയും മുതിര്‍ന്നവരേയും അത് ഒരു പോലെ സ്പര്‍ശിക്കുന്നതായിരുന്നു.എല്ലാ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഇടവക ജനം ഒരുമയോടെ ദുഖവെള്ളിയുടെ കഞ്ഞിയും പയറും കഴിച്ചതിന് ശേഷം സ്വഭവനങ്ങളിലേക്ക് മടങ്ങി.
ഉയിര്‍പ്പു ഞായര്‍
വലിയ ആഴ്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ഉയിര്‍പ്പു ഞായര്‍ ചാപ്ലയന്‍സി അംഗങ്ങള്‍ വളരെ ഭക്തിയോടും ആഘോഷത്തോടും കൂടി കൊണ്ടാടി.വൈദീകന്‍ പുതിയ തിരിയും വെള്ളവും വെന്തരിച്ചതിന് ശേഷം ഇടവക ജനം പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ എത്തി.വൈദീകന്‍ മൂന്ന് പ്രാവശ്യം പ്രധാന കവാടം മൂട്ടി തുറന്നു.അതിന് ശേഷം യേശുവിന്റെ ഉത്ഥാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു.ആഘോഷമായ ദിവ്യബലിക്ക് ശേഷം സജിഅച്ചന്‍ ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകളും കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ്ഗും സമ്മാനവും നല്‍കി
ഷ്രൂബറി ഡയോസിന്റെ യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ ചാപ്ലയന്‍സി ആയ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ചാപ്ലയന്‍സി എല്ലാ അര്‍ത്ഥത്തിലും വലിയ ആഴ്ചയിലെ ഓരോ തിരുകര്‍മ്മങ്ങളും ഏറ്റവും ഭക്തിയോടും വിശ്വാസത്തോടും കൂടി ഒരു കുടുംബം പോലെ ആഘോഷിച്ചു വരുവാനിരിക്കുന്ന വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിന് വീണ്ടും ഒത്തൊരുമിക്കാം എന്ന പ്രത്യാശയില്‍ പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല