സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാര്‍ ആടിയുലയുന്നു, പ്രധാന സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിലും അഴിമതിയിലും മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ദില്‍മ സര്‍ക്കാരിന് കനത്ത തിരിച്ചടിയായാണ് സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. മറ്റൊരു സഖ്യകക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടിയും ഉടന്‍ തന്നെ പിന്‍വാങ്ങുമെന്നാണ് സൂചന.
ഏപ്രില്‍ 11,12 തീയതികളില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടി ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. ഈ പാര്‍ട്ടികൂടി കൈവിട്ടാല്‍, ദില്‍മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ പാസാകാനാണ് സാധ്യത. ഓരോ പാര്‍ട്ടികളിലേയും അംഗങ്ങളെ നേരില്‍ കണ്ട് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ദില്‍മയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. പല പാര്‍ലമെന്റംഗങ്ങള്‍ക്കും ദില്‍മ സര്‍ക്കാറില്‍ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ മൂന്നാം വാരമാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുക. 513 അംഗ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാല്‍ ദില്‍മക്ക് നടപടികളില്‍നിന്ന് ഒഴിവാകാം. അതിനിടെ, ബ്രസീലില്‍ ഭൂരിഭാഗം ജനങ്ങളും ദില്‍മയുടെ ഇംപീച്ച്‌മെന്റ് നടപടികളെ പിന്തുണക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥ തകിടം മറിച്ചുവെന്ന് ആരോപിച്ച് രാജ്യത്തെ അഭിഭാഷക സംഘടന മറ്റൊരു ഇംപീച്ച്‌മെന്റിന് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല