സ്വന്തം ലേഖകന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ വിന്‍ഡീസ് വാഴ്ച, പുരുഷ, വനിതാ കിരീടങ്ങള്‍ ഒരുമിച്ച് സ്വന്തമാക്കുന്ന ആദ്യ ടീമായി. വനിതകളുടെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച വെസ്റ്റിന്‍ഡീസ് പുരുഷന്മാരുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനു കെട്ടുകെട്ടിച്ച് കിരീടം സ്വന്തമാക്കി.
പുരുഷ, വനിതാ ലോകകപ്പുകള്‍ ഒരുമിച്ച് സ്വന്തമാക്കുകയും ട്വന്റി20 ലോകകപ്പില്‍ രണ്ട് തവണ കിരീടം നേടുകയും ചെയ്യുന്ന ആദ്യ ടീമെന്ന ബഹുമതിയും വിന്‍ഡീസ് സ്വന്തമാക്കി. 2012 ലാണ് വിന്‍ഡീസ് ആദ്യ ട്വന്റി20 ലോക കിരീടം നേടിയത്.
ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന പുരുഷന്മാരുടെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് കളി തീരാന്‍ രണ്ട് പന്ത് ശേഷിക്കേയാണു വിജയം പിടിച്ചെടുത്തത്.
മര്‍ലോണ്‍ സാമുവല്‍സും (66 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 85 റണ്‍), കാര്‍ലോസ് ബ്രാത്വെയ്റ്റും (10 പന്തില്‍ നാല് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 34 റണ്‍) ചേര്‍ന്നു നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ കിരീടത്തിലേക്കു നയിച്ചത്.
ജയിക്കാന്‍ അവസാന ഓവറില്‍ 19 റണ്ണായിരുന്നു വിന്‍ഡീസിനു വേണ്ടിയിരുന്നത്. ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സറുകള്‍ പറത്തിയ കാര്‍ലോസ് ബ്രാത്വെയ്റ്റ് 23 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുക്കയും ചെയ്തു. വനിതകളുടെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 148 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ കളി തീരാന്‍ മൂന്ന് പന്തു ശേഷിക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല