സ്വന്തം ലേഖകന്‍: ആഗോള കള്ളപ്പണക്കാരുടെ പട്ടികയില്‍ പേര്, ആരോപണം നിഷേധിച്ച് അമിതാഭ് ബച്ചന്. വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പനാമ പേപ്പേഴ്സ് പട്ടിക നിഷേധിച്ച നടന് അമിതാബ് ബച്ചന് തന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കമ്പനികളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ബച്ചന് പറഞ്ഞു.
വിദേശത്ത് ചിലവഴിച്ചതിനടക്കം എല്ലാത്തിനും താന്‍ നികുതി അടച്ചിട്ടുണ്ട്.
നിയമവിധേയമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമേ വിദേശത്ത് നടത്തിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പനാമ രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്.
നടിയും മരുമകളുമായ ഐശ്വര്യ റായിയുടെ മാധ്യമ ഉപദേഷ്ടാവ് മുഖേനയാണ് അമിതാബ് ബച്ചന് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം കള്ളപ്പണ പട്ടികയില്‍ കുടുങ്ങിയത്.
പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസാക്ക് ഫൊന്‍സേക്ക എന്ന കമ്പനി മുഖേന ആരംഭിച്ച 2,14,000 വിദേശ കമ്പനികളില്‍ ഡയറക്ടര്‍മാരോ, ഷെയര്‍ ഹോള്‍ഡേഴ്സോ ആയി നിക്ഷേപം നടത്തിയവരാണ് കുടുങ്ങിയത്. കള്ളപണം വെളുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നിക്ഷേപങ്ങള്‍.
11.5 മില്യണ്‍ രഹസ്യ രേഖകള്‍ കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ പത്രത്തിനു ചോര്‍ന്നു കിട്ടുകയായിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകുടെ ആഗോള സംഘടനക്കു പത്രം കൈമാറി. ഈ സംഘടനയിലെ അംഗങ്ങളായ ഇന്ത്യയിലെ ഇന്ത്യന്‍ എക്സ്പ്രസ് അടക്കം ലോകത്തിലെ വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഈ രേഖകള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല