1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2016

സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍, കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളുമായി രണ്ടാമത്തെ പട്ടികയും പുറത്ത്. നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകളാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. രാജ്യത്തെ പല പ്രമുഖ വ്യവസായികളും ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട രണ്ടാമത്തെ പട്ടികയിലുണ്ട്.

പനാമ രേഖകള്‍ വിഷയത്തില്‍ പ്രധാനമന്ത്രി ആന്വേഷണത്തിന് ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ പട്ടികയും പുറത്തുവന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസേക് ഫൊന്‍സേക്ക എന്ന കമ്പനി മുഖേന നികുതിയിളവ് ഉള്ള രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ രഹസ്യ വിവരങ്ങളാണ് പട്ടികകളില്‍.

മെഹ്‌റസണ്‍സ് ജ്വല്ലറി ഉടമ അശ്വനി കുമാര്‍ മെഹ്‌റ, വ്യവസായികളായ ഗൗതം കരണ്‍ താപ്പര്‍, സതീഷ് ഗോവിന്ദ് സംതാനി, വിഷ്‌ലാവ് ബഹാദൂര്‍, ഹരീഷ് മൊഹനാനി, മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രഭാഷ് സങ്കല എന്നിവരാണ് രണ്ടാം പട്ടികയിലെ പ്രമുഖര്‍.

പൂനെ ആസ്ഥാനമായുള്ള സവ ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ വിനോദ് രാമചന്ദ്ര ജാധവ്, രഞ്ജീവ് ദഹൂജ, ബീല്‍സ് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ കപില്‍ സെയ്ന്‍ ഗോയല്‍, കാര്‍ഷിക ഉപകരണ കച്ചവടക്കാരന്‍ വിവേക് ജെയ്ന്‍ എന്നിവരും പട്ടികയിലുണ്ട്.

പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസാക്ക് ഫൊന്‍സേക്ക എന്ന കമ്പനി മുഖേന ആരംഭിച്ച 2,14,000 വിദേശ കമ്പനികളില്‍ ഡയറക്ടര്‍മാരോ, ഷെയര്‍ ഹോള്‍ഡേഴ്‌സോ ആയി നിക്ഷേപം നടത്തിയവരാണ് കുടുങ്ങിയത്. കള്ളപണം വെളുപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നിക്ഷേപങ്ങള്‍.

11.5 മില്യണ്‍ രഹസ്യ രേഖകള്‍ കഴിഞ്ഞ വര്‍ഷം ഒരു ജര്‍മന്‍ പത്രത്തിനു ചോര്‍ന്നു കിട്ടുകയായിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകുടെ ആഗോള സംഘടനക്കു പത്രം കൈമാറി. ഈ സംഘടനയിലെ അംഗങ്ങളായ ഇന്ത്യയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കം ലോകത്തിലെ വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് ഈ രേഖകള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.