സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള ലെവി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. നിലവിലുള്ള 2,400 റിയാലില്‍ നിന്ന് 12,000 റിയാലായി ലെവി കൂട്ടണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ശൂറാ കൗണ്‍സിലിനു മുമ്പാകെ സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
സൗദി സര്‍ക്കാറ്റിന്റെ സൗദിവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് നടപടി. നിലവില്‍ ഓരോ വിദേശ തൊഴിലാളിക്കും മാസം 200 റിയാല്‍ വീതം വര്‍ഷം 2400 റിയാലാണു ലെവി. ഇത് അഞ്ചിരട്ടിയാക്കുന്നതിനൊപ്പം, രാജ്യത്ത് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കണമെന്ന നിര്‍ദേശവും തൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശയിലുണ്ട്.
നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാട്ടുകാരായ ജീവനക്കാര്‍ അല്ലാത്ത വിദേശ ജോലിക്കാര്‍ക്കു ലെവി അടച്ചാല്‍ മതി. മാത്രമല്ല, 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കിയ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടതില്ല. ആ സ്ഥാനത്ത് സൗദിക്കാരുടെ എണ്ണം പരിഗണിക്കാതെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ സ്പോണ്സര്ഷിപ്പില് കഴിയുന്ന ഭാര്യയും കുട്ടികളും ആശ്രിതരും അടക്കം മുഴുവന്‍ പേര്‍ക്കും ലെവി അടക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
നാലില്‍ കൂടുതല്‍ വീട്ടുജോലിക്കാരുള്ള സൗദി പൗരന്മാര് ഒരാള്‍ക്ക് 500 റിയാല്‍ വീതം വര്‍ഷത്തില്‍ 6,000 റിയാലാണ് നല്‍കേണ്ടത്. ഇത് 12,000 റിയാലായ് വര്‍ദ്ധിപ്പിക്കും. നിലവില്‍ വീട്ടുജോലിക്കാര്‍ക്ക് ലെവി ഈടാക്കാത്ത സ്ഥാനത്താണ് കുത്തനെയുള്ള ഈ വര്‍ദ്ധനവ്. വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള ചെലവ് കുത്തനെ കൂട്ടി സ്വകാര്യ മേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് കുറക്കാനും സൗദിവല്‍ക്കരണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല