സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോറിക്ഷയില്‍ ചുറ്റിയടിക്കുന്ന ഇന്ത്യയിലെ മെക്സിക്കന്‍ അംബാസഡര്‍. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും മറ്റും ശീതീകരിച്ച ആഡംബര കാറുകളില്‍ പറക്കുമ്പോള്‍ മെക്സിക്കന്‍ അംബാസഡറായ മെല്‍ബ പ്രീയയാണ് ഓട്ടോ സ്വന്തം വാഹനമാക്കിയിരിക്കുന്നത്. മെക്സിക്കന്‍ പതാകയും പൂക്കളും വരച്ചു ചേര്‍ത്തിട്ടുള്ള ഓട്ടോ നയതന്ത്ര പ്രതിനിധിയുടെ വാഹനങ്ങക്കുള്ള നീല നമ്പര്‍ പ്ലേറ്റാണ് ഉപയോഗിക്കുന്നത്.
മെല്‍ബയുടെ ഓട്ടോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും താരമായിരിക്കുകയാണ്. ഒപ്പം ഓട്ടോയായതിനാല് മെല്‍ബയുടെ ഔദ്യോഗിക വാഹനത്തിന് ചില ഇടങ്ങളിലെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടതും വാര്‍ത്തയാകാറുണ്ട്. ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ എത്തിയപ്പോള്‍ നയതന്ത്ര പ്രതിനിധിയാണെന്ന് പറഞ്ഞിട്ടും മെല്ബയേയും ഓട്ടോയേയും അകത്തേക്ക് കയറ്റി വിടാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ല.
ഐ.എച്ച്.സിയില്‍ മെല്‍ബ പങ്കെടുക്കേണ്ട പരിപാടിയുടെ സംഘാടകര്‍ ഇടപെട്ടിട്ടു പോലും പ്രവേശനം നിഷേധിക്കപ്പെട്ട സംഭവവുമുണ്ടായി. അതേസമയം തന്റെ ഓട്ടോ യാത്രക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രശംസ ലഭിച്ചതായി എല്‍ബ പറഞ്ഞു. ഡല്‍ഹിയിലെ ആനന്ദ് നികേതനിലെ മെക്സിക്കന്‍ എംബസിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോ ഒരു ആകര്‍ഷണ കേന്ദ്രം തന്നെയാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല