സ്വന്തം ലേഖകന്‍: ഡിങ്കന്‍ ബിബിസി വാര്‍ത്തയിലും, ഡിങ്കോയിസം പുതിയ മതമെന്ന് ബിബിസി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പിറവിയെടുത്ത് കൂട്ടായ്മകളിലൂടെ ദേശീയ മാധ്യമങ്ങളിടെ ശ്രദ്ധ നേടിയ ഡിങ്കോയിസം ബിബിസി വാര്‍ത്താ പരിപാടിയിലും ഇടം പിടിച്ചു. ബി.ബി.സി ട്രെന്‍ഡിംഗ് എന്ന പരിപാടിയിലാണ് ഡിങ്കോയിസത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട്. 2008 ല്‍ ഇന്ത്യയില്‍ രൂപപ്പെട്ട മതം എന്ന് ഡിങ്കോയിസത്തെ വിശേഷിപ്പിക്കുന്ന ബി.ബി.സി ഡിങ്കോയിസത്തിന്റെ വക്താക്കളായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്, പാര്‍ത്ഥസാരഥി എന്നിവരുമായി സംസാരിക്കുന്നുമുണ്ട്. റാഷണലിസത്തിലും സയന്‍സിലുമാണ് ഡിങ്കോയിസ്റ്റുകള്‍ വിശ്വസിക്കുന്നതെന്ന് ഡിങ്കോയിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഡിങ്കമതത്തെ ഏറ്റവും യുക്തിയുള്ള മതമെന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത മത വിശ്വാസികളുടെ തീവ്രനിലപാടുകളെ പരിഹസിക്കുന്നതിന് രൂപം കൊണ്ട മതമെന്നും ചിലര്‍ വിശേഷിപ്പിക്കുന്നു. ഡിങ്കോയിസത്തെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വറും സംസാരിക്കുന്നുണ്ട്. ഡിങ്കോയിസത്തിന് അന്താരാഷ്ട്ര പ്രശസ്തി കൈവരുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വര്‍ധനയുണ്ട്. കോഴിക്കോട് നടന്ന ഡിങ്കമത സമ്മേളനത്തിലും നിരവധി പേര്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി പൊതുജന മധ്യത്തില്‍ സജീവ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ഡിങ്കോയിസ്റ്റുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല