സുപ്രീം കോടതി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. വിലക്ക് ലിംഗസമത്വത്തെ അട്ടിമറിക്കുന്നതാണെന്നും സ്ത്രീകള്‍ ശബരിമലയിലെത്തി ആരാധന നടത്തുന്നത് തടയാന്‍ ക്ഷേത്രഭാരവാഹികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. ക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങള്‍ പൊതുസ്ഥലങ്ങളാണെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ചോദ്യം ചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നു സ്ത്രീകളെ തടയുന്നതിന്റെ അടിസ്ഥാനമെന്തെന്ന് ആരാഞ്ഞ കോടതി ശബരിമലയില്‍ എത്തുന്ന ഭക്തരെല്ലാം 41 ദിവസം കഠിന വ്രതമെടുത്താണ് അയ്യപ്പനെ ദര്‍ശിക്കുന്നതെന്ന് എങ്ങനെ ഉറപ്പിക്കാനാകുമെന്നും ചോദിച്ചു.
ദൈവം സര്വവ്യാപിയായതിനാല്തന്നെ ദൈവത്തെ ആര്‍ക്കും ആരാധിക്കാമെന്നും കോടതി ചൂണ്ടികാട്ടി. ഭിന്നലിംഗക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ കൃത്യമായി അറിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ നിലവില്‍ തടസമില്ലെന്ന് സര്‍ക്കാരും ക്ഷേത്രഭാരവാഹികളും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല