സ്വന്തം ലേഖകന്‍: ടോക്കിയോ മൃഗശാലയിലെ ചിമ്പാന്‍സിയുടെ തടവുചാട്ടം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് വൈദ്യുത ലൈനിലുടെ പുറത്തുചാടാന്‍ ശ്രമിച്ച ചിമ്പാന്‍സി ഒടുവില്‍ സുരക്ഷിതമായി അധികൃതരുടെ വലയിലാകുകയും ചെയ്തു. ടോക്കിയോയിലെ സെന്‍ഡായി യജിയാമ സുവോളിജിക്കല്‍ പാര്‍ക്കില്‍ നിന്ന് രക്ഷപെടാനുള്ള ചിമ്പാന്‍സിയുടെ ശ്രമമാണ് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
മൃഗശാലയിലെ വൈദ്യുത പോസ്റ്റില്‍ കയറിയ ചാച്ചയെന്ന ചിമ്പാന്‍സിയെ അനുനയിപ്പിച്ച് ഇറക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. നടക്കില്ലെന്നായപ്പോള്‍ മയക്കുവെടി വെക്കുകയായിരുന്നു. വെടിയേറ്റ ചിമ്പാന്‍സി പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറി. വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ ചാച്ചയുടെ ജീവന്‍ രക്ഷപ്പെട്ടു. എന്നാല്‍, ലൈനില്‍ തൂങ്ങിക്കിടന്ന ചിമ്പാന്‍സി ഇറങ്ങിയില്ല.
കാലിലെ പിടുത്തം പതുക്കെ അയഞ്ഞു തുടങ്ങിയ ചിമ്പാന്‍സി കൈവിടാന്‍ തയ്യാറായില്ല. കൈ കൊണ്ടും പിടിച്ചു നില്‍ക്കാനാവില്ലെന്ന് വന്നപ്പോള്‍ തല കുത്തനെ താഴേക്ക് പതിച്ചു. മൃഗശാല ജീവനക്കാര്‍ താഴെ പ്‌ളാസ്റ്റിക് ഷീറ്റ് പിടിച്ചു നിന്നതിനാല്‍ പരിക്കേല്‍ക്കാതെ വീണ്ടും കൂട്ടിലേക്ക്.
ചിമ്പാന്‍സിയുടെ പാരാക്രമവും അധികൃതരുടെ അനുനയ ശ്രമങ്ങളും തല്‍സമയം ദേശീയ ടി.വി സംപ്രേഷണം ചെയ്തതോടെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും താരമായതിന്റെ സന്തോഷത്തിലാണ് ചാച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല