സ്വന്തം ലേഖകന്‍: നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. ഗ്രീക്ക് ദ്വീപായ ലെസ്ബോസില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിങ്ങള്‍ തനിച്ചല്ലെന്നും, പ്രത്യാശ കൈവെടിയരുതെന്നും ആഹ്വാനം ചെയ്തത്.
ചര്‍ച്ച് ഓഫ് ഗ്രീസ് തലവന്‍ ആര്‍ച്ച് ബിഷപ് ലെറോണിമോസ്, പാത്രിയാര്‍ക്ക ബര്‍തലോമി എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ലോകം മാനുഷികമായി പ്രതികരിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
യൂറോപ്പിലേക്കു കുടിയേറാനുള്ള ശ്രമത്തിനിടെ ഈജിയന്‍ കടലിടുക്കില്‍ മുങ്ങിമരിച്ച നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കു വേണ്ടി മാര്‍പാപ്പ ലെസ്ബോസ് തീരത്ത് പ്രത്യേക പ്രാര്‍ഥന നടത്തി. വികാര നിര്‍ഭരമായാണ് മോറിയ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ഥികള്‍ മാര്‍പാപ്പയെ സ്വീകരിച്ചത്.
അഭയാര്‍ഥികളില്‍ ചിലരെ വത്തിക്കാനിലേക്കു കൊണ്ടുപോകാന്‍ മാര്‍പാപ്പ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ചു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം തെരഞ്ഞെടുത്ത സിറിയന്‍ കുടുംബങ്ങളെയാണ് മാര്‍പാപ്പ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊണ്ടുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല