സ്വന്തം ലേഖകന്‍: ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്പറേഷന് 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
കമ്പനിയുടെ ഉയര്‍ന്ന എക്സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ തലത്തിലുള്ളവര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേഴ്സണല്‍ കംപ്യൂട്ടര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് 5000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് കമ്പനി 2014 ല്‍ വ്യക്തമാക്കിയിരുന്നു.
ഡിസംബറിലെ കണക്കനുസരിച്ച് 1,07,300 ജീവനക്കാരാണ് ഇന്റല്‍ കോര്‍പറേഷനിലുള്ളത്. കടുത്ത മത്സരവും പേര്‍സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വില്‍പ്പന കുറയുന്നതും കമ്പനിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായാണ് സൂചന. മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം എത്താനാകാതെ ഇന്റല്‍ കിതച്ചു തുടങ്ങിയതായി നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല