സ്വന്തം ലേഖകന്‍: എറണാകുളം റയില്‍വേ സ്റ്റേഷനും അതിവേഗ വൈഫൈയായി, പദ്ധതി ഗൂഗിള്‍ സഹകരണത്തോടെ. തീവണ്ടി വൈകിയാലും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ ഇനി അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സിനിമ കാണാം, പാട്ടുകേള്‍ക്കാം. ഗൂഗിളുമായി ചേര്‍ന്ന് റെയില്‍ ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
ഈ സംവിധാനം വരുന്ന കേരളത്തിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനാണ് എറണാകുളം ജംഗ്ഷന്‍. ഞായറാഴ്ച മുതല്‍ തുടങ്ങിയ സൗകര്യത്തില്‍ 35 എംബിപിഎസ് വരെയാണ് ഡൗണ്‍ലോഡിംഗ് സ്പീഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂര്‍ സമയത്തില്‍ ആദ്യ 30 മിനിറ്റായിരിക്കും സൗജന്യം.
എച്ച് ഡി വീഡിയോ സേവനങ്ങള്‍ക്ക് കഴിയുന്ന ഹൈസ്പീഡ് നെറ്റ് വര്‍ക്ക് സേവനമാണ് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ സേവനങ്ങള്‍ സൗജന്യമാണ്. എന്നാല്‍ പിന്നീട് അതിവേഗ സേവനത്തിന് ചുങ്കം ചുമത്തുമെന്നും അതേസമയം തന്നെ വേഗം കുറഞ്ഞ സേവനങ്ങള്‍ 24 മണിക്കൂറില്‍ 30 മിനിറ്റ് സൗജന്യമാക്കി തുടരുമെന്നും റെയില്‍ ടെല്‍ വിഭാഗം അറിയിച്ചു.
പുതിയതായി ഉദ്ഘാടനം ചെയ്തിട്ടുള്ള വെയ്റ്റിംഗ് ഹാള്‍ അടക്കം സ്‌റ്റേഷന്‍ പരിസരങ്ങളിലെ 24 അക്‌സസ് പോയിന്റുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. അറുപത് മീറ്റര്‍ ദൂരത്തിലുള്ള കവറേജില്‍ ആദ്യ ദിനം തന്നെ നൂറ് കണക്കിന് പേരാണ് 24 പോയിന്റുകളും ഉപയോഗിച്ചത്. വൈ ഫൈ പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ വരുന്ന തിരുവനന്തപുരം സെന്‍ട്രലിലും കൊല്ലത്തും പാലക്കാട് ഡിവിഷനില്‍ വരുന്ന കോഴിക്കോട്ടും മംഗലുരുവിലും നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല