സ്വന്തം ലേഖകന്‍: ഒമാനിലെ മലയാളി നഴ്സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബോര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണെയും അയല്‍വാസികളായ പാക്കിസ്താന് പൗരന്മാരേയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യാനാണു ഭര്‍ത്താവ് ലിന്‍സണെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നു വിദേശകാര്യ വാക്താവ് വികാസ് സ്വരുപ് അറിയിച്ചു. പാക്കിസ്ഥാന് സ്വദേശികളായ അയല്‍വാസികളെ ചോദ്യം ചെയ്തു വരികയാണ്.
അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയൂ. ചോദ്യം ചെയ്യല്‍ നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്നും വികാസ് സ്വരൂപ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് ചിക്കു കൊല്ലപ്പെട്ടത്. നാല് മാസം ഗര്‍ഭിണിയായ ഇവരുടെ കാതുകള്‍ അറുത്ത നിലയിലായിരുന്നു.
മോഷണ ശ്രമത്തിനിടെ ചിക്കു കൊല്ലപ്പെട്ടു എന്നാണു പ്രധാമിക നിഗമനം. ഒമാനിലെ ബദര്‍ അല്‍ സമ ആസ്പത്രിയില്‍ നഴ്സായി ജോലി നോക്കുകയായിരുന്നു ചിക്കു. ഭര്‍ത്താവ് ലിന്സണ് ഇതേ ആശുപത്രിയില്‍ തന്നെ ജീവനക്കാരനാണ്. ചിക്കുവിന്റെ മരണത്തെ തുടര്‍ന്ന് ബോധരഹിതനായ ലിന്സണ് ചികിത്സയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല