1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: ഉയരുന്ന താപനിലക്ക് കടിഞ്ഞാണിടാന്‍ ലോക രാജ്യങ്ങളുടെ പ്രതിജ്ഞ, ഉടമ്പടി ഭൗമദിനത്തില്‍ ഭൂമിക്കുള്ള സമ്മാനം. കാലാവസ്ഥാ വ്യതിയാന രൂപരേഖാ കണ്‍വെന്‍ഷനിലെ കക്ഷികളായ 196 രാജ്യങ്ങള്‍ പാരിസില്‍ വെച്ച് 2015 ഡിസംബര്‍ 12 ന് പാസാക്കിയ പ്രമേയത്തിലാണ് ഇന്ത്യയുള്‍പ്പെടെ 150 ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച ഒപ്പുവെച്ചത്.

ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് പ്രതിജ്ഞ. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യക്ക് പുറമെ ചൈന, യു.എസ്, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഒപ്പുവെച്ചു. യു.എന്‍ ജനറല്‍ അസംബ്‌ളി ഹാളില്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ്, സി.ഒ.പി 21(കണ്‍വെന്‍ഷന്‍ ഓഫ് പാര്‍ട്ടീസ്) പ്രസിഡന്റ് സിഗൊലിന്‍ റോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ച കര്‍മപദ്ധതികള്‍ 55 രാജ്യങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. കരാറില്‍ ഒപ്പുവെച്ച് 30 മത്തെ ദിവസം മുതല്‍ രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ വിഷവാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുമെന്നാണ് പ്രതിജ്ഞ. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങള്‍ ഒരേസമയം ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്.

ലോകത്ത് മൊത്തം പുറന്തള്ളപ്പെടുന്ന വിഷവാതകത്തിന്റെ 55 ശതമാനവും ചൈന (20 ശതമാനം), യു.എസ് (17.8 ശതമാനം ), റഷ്യ (7.5 ശതമാനം), ഇന്ത്യ (4.1 ശതമാനം), ജപ്പാന്‍ (3.7 ശതമാനം) എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.