സ്വന്തം ലേഖകന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകരുതെന്ന് ഒബാമയുടെ ഉപദേശം. സൗദി പര്യടനത്തിന് ശേഷം ബ്രിട്ടനില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ ജൂണ്‍ 23 ന് ജനഹിത പരിശോധന നടക്കാനിരിക്കെയാണ് ഒബാമയുടെ പ്രസ്താവന.
വ്യാഴാഴ്ച ബ്രിട്ടനിലെത്തിയ ഒബാമ ഡെയ്?ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് ബ്രിട്ടന്റെ മൂല്യങ്ങളും ജനാധിപത്യ ക്രമങ്ങളും പ്രചരിപ്പിക്കാന്‍ സഹായിക്കുന്ന യൂറോപ്യന്‍ യൂണിയനില്‍ നിലകൊള്ളുന്നതില്‍ ബ്രിട്ടന് അഭിമാനിക്കണമെന്ന് അഭിപ്രായപ്പെട്ടത്. സാമ്പത്തിക മാന്ദ്യം, തൊഴിലവസരങ്ങള്‍, സുരക്ഷ തുടങ്ങിയവയില്‍ മെച്ചപ്പെട്ട മാറ്റം കൊണ്ട് വരാന്‍ ബ്രിട്ടനും കൂടി ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന് കഴിയുമെന്നും ലേഖനത്തില്‍ ഒബാമ ഓര്‍മിപ്പിച്ചു.
അതേസമയം യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന് വാദിക്കുന്ന ലണ്ടന്‍ മേയര്‍ മോറിസ് ജോണ്സന് ഇതിനെതിരെ രംഗത്ത് വന്നു. അമേരിക്കയുടെ അയല്‍രാജ്യങ്ങളെ ഉള്‍പ്പെടുത്തി യൂണിയനുണ്ടാക്കാന്‍ ഒബാമ തയ്യാറാകുമോ എന്ന് ദ സണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജോണ്സണ് തിരിച്ചടിച്ചു.
ഭാര്യ മിഷേലിനൊപ്പം ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ കണ്ട ഒബാമ രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിനത്തില് ആശംസകള്‍ നേരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല