സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ മുഖഛായ മാറ്റുന്ന പദ്ധതി വിഷന്‍ 2030 വരുന്നു, മന്ത്രിസഭയുടെ അംഗീകാരം. സ്വദേശികളെയും രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെയും നേരിട്ടു ബാധിക്കുന്ന പദ്ധതി വരുന്ന 15 വര്‍ഷത്തേക്കുള്ള സൗദിയുടെ സാമ്പത്തിക നയ രേഖ കൂടിയാണ്. എണ്ണ വിലയിടവിന്റെ അനിശ്ചിതത്വത്തില്‍ നിന്ന് സൗദിയെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം.
വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്കുന്ന ഗ്രീന്‍കാര്‍ഡ് അഞ്ചു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങളില്‍ പറയുന്നു. വിവിധ രംഗങ്ങളിലെ സബ്സിഡി ഘടന പരിഷ്കരിച്ച് അര്‍ഹര്‍ക്ക് അത് പണമായി നല്‍കും. സബ്സിഡി പൂര്‍ണമായി പിന്‍വലിക്കാനാണ് ആലോചന. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ അഞ്ചുശതമാനം ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി.
രണ്ടാം കിരീടാവകാശിയും സാമ്പത്തികനയ പരിഷ്കരണ സമിതിയുടെ അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അവതരിപ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇന്നലെതന്നെ നിര്‍ദേശം നല്കി.
ലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടി പൗരന്മാര് ഒന്നടങ്കം സഹകരിക്കണമെന്ന് സല്മാന് രാജാവ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പരിഷ്കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചത്.
ആഗോള എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സൗദിയുടെ ബജറ്റില്‍ 9800 കോടി ഡോളറിന്റെ കമ്മി നേരിട്ടിരുന്നു. ഈ വര്‍ഷം ഇത് 8700 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല