ഹോങ്കോങ്ങ്: അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ആക്കംകൂട്ടി ഇന്തോപാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വീണ്ടും അരങ്ങൊരുങ്ങുന്നതായി സൂചന. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2012-2020 കാലത്തേക്കുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോഗാമിന്റെ കരട് രേഖയിലാണ് 2013,മാര്‍ച്ചിലുള്ള പാക്കിസ്താന്റെ ഇന്ത്യ സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാക്ക് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും മത്സരങ്ങളുടെ എണ്ണം ,വേദി എന്നിവയെ കുറിച്ചും തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ആഴ്ച ഹോങ്കോങ്ങില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലുണ്ടാവും.
2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത് ക്രിക്കറ്റിനെയും ബാധിച്ചു. 2008 ല്‍ നടക്കേണ്ടിയിരുന്ന മൂന്ന് ടെസ്റ്റുകളും 5 ഏകദിനങ്ങളും അടങ്ങിയ പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ മത്സര പരമ്പരകള്‍ നടന്നിട്ടില്ല.
കഴിഞ്ഞ ലോകകപ്പോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും മെച്ചപ്പെട്ടിരുന്നു. മൊഹാലിയില്‍ നടന്ന ഇന്തോപാക്ക് സെമി ഫൈനല്‍ കാണാന്‍ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ എത്തിയിരുന്നു. മാറിയ സാഹചര്യത്തില്‍ ഏറെ താമസിയാതെ ആഷസിനോളം വാശിയേറിയതും എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതുമായ ഇന്തോപാക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല