സ്വന്തം ലേഖകന്‍: ആകാശത്ത് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കി ഇന്ത്യ, ഏഴാമത്തെ ഉപഗ്രഹ വിക്ഷേപണവും വിജയം. ഐ.ആര്.എന്‍.എസ്.എസ്1ജി എന്ന പുതിയ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. ഈ ഉപഗ്രഹം നേരത്തേ ഭ്രമണപഥത്തിലെത്തിച്ച ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യക്ക് സ്വന്തം ഗതിനിര്‍ണയ സംവിധാനം (ജിപിഎസ്) ലഭ്യമാകും.
അമേരിക്ക ആസ്ഥാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അടക്കം അന്യരാജ്യങ്ങളുടെ ഗതിനിര്‍ണയ സംവിധാനങ്ങളോടുള്ള ആശ്രയത്വവും ഇതോടെ ഒഴിവാകും. ജി.പി.എസിനോളം കൃത്യതയും ഇന്ത്യയുടെ സ്വന്തം സംവിധാനത്തിനുണ്ടാകും.
ശാസ്ത്രലോകത്തു നിന്ന് ഇന്ത്യന്‍ ജനതയ്ക്കു ലഭിച്ച ഈ ഉജ്വല സമ്മാനം നാവിക് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.
‘ഈ വിക്ഷേപണ വിജയത്തോടെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് വഴി നിശ്ചയിക്കാന്‍ നമുക്കു കഴിയും. വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രകാരന്മാര്ക്ക് അഭിനന്ദനം’ പ്രധാനമന്ത്രി പറഞ്ഞു. വാഹനങ്ങളുടെയും കപ്പലുകളുടെയും സഞ്ചാരദിശ നിര്‍ണയിക്കല്‍, ഇവയുടെ സ്ഥാനം നിര്‍ണയിക്കല്‍, ദുരന്തങ്ങള്‍ കൈകാര്യം ചെയ്യല്‍, സഞ്ചാരികള്‍ക്കും പര്‍വതാരോഹകര്‍ക്കും ദിശാസൂചകം നല്കല് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഈ സംവിധാനം പ്രയോജനപ്പെടും.
ഈ പരമ്പരയിലെ ഏഴ് ഉപഗ്രഹങ്ങള്‍ക്കും കൂടി 1420 കോടി രൂപയാണു സര്‍ക്കാര്‍ ചെലവിട്ടത്. നാല് ഉപഗ്രഹങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്.എന്‍.എസ്.എസ്) പ്രവര്‍ത്തനസജ്ജമാണെന്നും കൂടുതല്‍ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാനായാണ് മൂന്നെണ്ണം കൂടി വേണ്ടിവന്നതെന്നും ഐ.എസ്.ആര്.ഒ. വ്യക്തമാക്കി. അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന, ജപ്പാന് എന്നിവര്‍ക്കാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല