സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍ മേയ് രണ്ടിന് പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന. വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തിയ വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ വിവരങ്ങളടങ്ങിയ പാനമ രേഖകളാണ് മെയ് രണ്ടിന് പരസ്യമാക്കുമെന്നത്.
കമ്പനികളുടെയും ഫൗണ്ടേഷനുകളുടെയും ട്രസ്റ്റുകളുടെയും രണ്ട് ലക്ഷം രഹസ്യ വിവരങ്ങളാണ് തങ്ങളുടെ പക്കലുള്ളത് എന്നാണ് ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐ.സി.ഐ.ജെ) അറിയിച്ചിരിക്കുന്നത്.
നേരത്തെ ഏപ്രിലില്‍ നികുതി വെട്ടിപ്പ് നടത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളടങ്ങിയ പരിമിത രേഖകള്‍ പുറത്തുവന്നിരുന്നു. ബോളിവുഡ് നടന് അമിതാഭ് ബച്ചനും ഐശ്വര്യറായ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടത് വന്‍ വിവാദത്തിനും കാരണമായി.
വരും ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഐ.സി.ഐ.ജെ അറിയിച്ചു. വരാനിരിക്കുന്ന രേഖകളില്‍ ഏതെല്ലാം ലോക നേതാക്കള്‍ ഉള്പ്പെട്ടിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല