സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയായ വാഗയില്‍ പടുകൂറ്റന്‍ ദേശീയ പതാക സ്ഥാപിക്കാന്‍ ബിഎസ്എഫ്. 2017 ജനുവരിയോടെ ദേശീയ പതാക സ്ഥാപിക്കാനാണ് പദ്ധതി. 350 അടിയോളം ഉയരമുള്ളതായിരിക്കും ഈ ഭീമന്‍ ദേശീയ പതാക. പാക്കിസ്താനിലെ ലഹോറില്‍ നിന്നും ഇന്ത്യയിലെ അമൃത്സറില്‍ നിന്നും കാണാന്‍ സാധിക്കുന്നത്ര വലുപ്പത്തിലായിരിക്കും പതാക സ്ഥാപിക്കുകയെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു.
വാഗ അതിര്‍ത്തിയിലെ സന്ദര്‍ശക ഗാലറി കൂടുതല്‍ ആളുകളെ ഉള്‍കൊള്ളിക്കാനാകുന്ന തരത്തില്‍ വലുതാക്കാനാണ് ബി.എസ്.എഫ് തീരുമാനം. നിലവില്‍ 7000 ആളുകള്‍ക്കാണ് അതിര്‍ത്തിയിലെ പരിപാടികള്‍ കാണാനാവുക. ഇത് 20,000 ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
പഞ്ചാബ് തലസ്ഥാനമായ അമൃത്സറില്‍നിന്ന് 28 കിലോമീറ്ററും പാക്ക് പഞ്ചാബ് തലസ്ഥാനമായ ലഹോറില്‍നിന്ന് 22 കിലോമീറ്ററുമാണ് വാഗ അതിര്‍ത്തിയിലേക്കുള്ളത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ദേശീയപതാകയുള്ളത് ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ്. 293 അടി ഉയരമുള്ള ഈ പതാക കഴിഞ്ഞ ജനുവരിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഉദ്ഘാടനം ചെയ്തത്.
വാഗയില്‍ ദിവസവും വൈകിട്ടു നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങ് പ്രധാന ആകര്‍ഷണമാണ്. ചടങ്ങ് കാണാനെത്തി അതിനു കഴിയാതെ മടങ്ങുന്ന സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തുന്ന കാര്യം ബിഎസ്എഫിന്റെ പരിഗണനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല