സ്വന്തം ലേഖകന്‍: കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് യുവതി കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊടും ക്രൂരത നടന്നിട്ടും സമീപവാസികള്‍ ആരും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ഈ സംഭവത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ ജനനേന്ദ്രിയം തകര്‍ക്കുകയും സ്തനങ്ങള്‍ കീറിമുറിക്കുകയും ചെയ്തിരുന്നു. ആന്തരീകാവയവങ്ങള്‍ പുറത്തു ചാടിയിരുന്നു. കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയ ലക്ഷണങ്ങളും പ്രകടമായിരുന്നു. 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ നെഞ്ചിലും കഴുത്തിലും, അല്ലാതെ മുപ്പതോളം മുറിവുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുകയും ചെയ്തു.
യുവതിയുടെ മാതാവിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇവര്‍ സമീപവാസികളുമായി കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഇവര്‍ക്ക് സമീപവാസികളുമായി അടുപ്പമില്ലെന്ന് അറിയാവുന്ന ഇതര സംസ്ഥാനക്കാരനോ മാനസിക രോഗിയോ ആകാം കൊലപാതകിയെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല