സാബു ചുണ്ടക്കാട്ടില്‍: യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ പള്ളിയിലെ തിരുന്നാള്‍ ഒരാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടും. ജൂണ്‍ 26 ന് കൊടിയേറ്റുന്ന തിരുന്നാളില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നകോട്ടില് വിശിഷ്ടാതിഥിയാകും. മലയാളത്തിന്റെ പ്രസിദ്ധ പിന്നണി ഗായകന് ബിജു നാരായണന്റെ ഗാനമേള അടക്കമുള്ള പരിപാടികളോടെയാണ് ഇത്തവണത്തെ തിരുന്നാള്‍ ആഘോഷം. യുകെയിലെ നാനാഭാഗത്ത് നിന്നും നൂറുകണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന യുകെയിലെ ഏറ്റവും വലിയ പള്ളി പെരുന്നാള്‍ ആണ് വിഥിന്‍ഷോ പെരുന്നാള്‍. 26 ന് കൊടിയേറിയാല്‍ പിന്നെ മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയില്‍ ആണ്. വീടുകള്‍ അതിഥികളാല്‍ നിറയും. ബന്ധുക്കളെയും, സുഹൃത്തുക്കളെയും എല്ലാം കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കു വയ്ക്കുന്നതിനും എല്ലാം ഉള്ള അപൂര്‍വ്വ വേദി കൂടിയാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍.
വിശുദ്ധ തോമാശ്ലീഹായുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു കഴുന്നെടുത്തും, അടിമ വയ്ക്കുന്നതിനും, നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനുമായി ആയിരങ്ങള്‍ തിരുന്നാള്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ബിജു നാരായണന് നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ഒപ്പം മിമിക്സ് പരേഡും പരിപാടികള്‍ക്ക് നിറം പകരും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തീയതി നടക്കുന്ന അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നാട്ടില്‍ നിന്നും എത്തിച്ചേരും. ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവിസും തിരുന്നാള്‍ കുര്‍ബാനയില്‍ കാര്‍മ്മികനാകും.
ജൂണ്‍ 26 ാം തീയതിയാണ് ഒരാഴ്ചക്കാലം നീണ്ട് നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടക്കുക. അന്നേ ദിവസം ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശ്ശേരി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും ഉത്പ്പന്ന ലേലവും നടക്കും. തുടര്‍ന്ന് ജൂലൈ ഒന്നാം തീയതി വരെ ദിവസവും വൈകുന്നേരം ദിവ്യബലിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. ഈ ദിവസങ്ങളിലെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുവാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരിക്കും. ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 ന് നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററിലാണ് മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന് ബിജു നാരായണന്റെ ഗാനമേള നടക്കുന്നത്. ലണ്ടന്‍ നിസരി ഓര്‍ക്കസ്ട്ര ലൈവ് ഓര്‍ക്കസ്ട്രയുമായി ബിജുനാരായണന് ഒപ്പം ചേരുമ്പോള്‍ ഏഷ്യനെറ്റ് ടാലന്റ് കണ്ടസ്റ്റ് വിന്നറും ഗായകനുമായ രാജേഷ് രാമനും മറ്റ് ഗായകരും ചേര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്റര്‍ സംഗീത സാന്ദ്രമാകും.
പൂഞ്ഞാര്‍ നവധാരയില്‍ 18 വര്‍ഷക്കാലം സേവനം ചെയ്തിട്ടുള്ള വിനോദ് നവധാര തബലയും മൃതംഗവും കൈകാര്യം ചെയ്യുമ്പോള്‍ സന്തോഷ് നമ്പ്യാരാണ് കിബോര്ഡ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രപതി ഭവനില്‍ ഒട്ടേറെ വര്‍ഷക്കാലം കിബോഡിസ്റ്റായി ജോലി ചെയ്തിട്ടുള്ള സന്തോഷ് ഒട്ടേറെ പ്രോഗ്രാമുകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ്. റിഥം കമ്പോസറായി വരുണ്‍ മയ്യനാടും ഗിത്താറുമായി ഷിനോ തോമസും ഒപ്പം ചേരുമ്പോള്‍ സോജന് എരുമേലിയും അസ്ലാമും സൗണ്ട് എഞ്ചിനിയേഴ്സ് ആയി എത്തുന്ന ലണ്ടന്‍ വൊയാസിസ് ഡിജിറ്റല്‍ ശബ്ദവും വെളിച്ചവും നിര്‍വ്വഹിക്കുന്നത്.
ഗാനമേളക്കിടയില്‍ മിമിക്സും വണ്‍ മാന്ഷോയുമായി വരുണ്‍ മയ്യനാട് കാണികളുടെ ഹൃദയം കവരും. തിരുന്നാളിനോട് അനുബന്ധിച്ച് തികച്ചും സൗജന്യമായിട്ടാണ് ഫോറം സെന്ററില്‍ സംഗീത രാവ് ഒരുക്കുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ നടക്കുന്ന ഗാനമേളയെ തുടര്‍ന്ന് പ്രധാന തിരുന്നാള്‍ ദിനമായ ശനിയാഴ്ച്ച രാവിലെ 11 ന് ആത്യാഘോഷപൂര്വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.
തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ നാട്ടില്‍ നിന്നും എത്തുന്ന കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവരും യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദിക ശ്രേഷ്ഠരെയും കമനീയമായി അലങ്കരിച്ച് മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുന്നതോടെയാവും തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാവുക. ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവിസ് ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മാഞ്ചസ്റ്ററിന്റെ തെരുവീഥികളെ പുളകച്ചാര്‍ത്തണിയിക്കുന്ന പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. ഭാരത അപ്പസ്തോലന് തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ സംവഹിക്കുമ്പോള്‍ നൂറ് കണക്കിന് മുത്തുക്കുടകളും പൊന്‍ വെള്ളി കുരിശുകളും ചെണ്ട മേളങ്ങളുമെല്ലാം തിരുന്നാള്‍ പ്രദക്ഷിണത്തില്‍ അണി നിരക്കുകയും ചെയ്യുന്നതോടെ പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ തിരുന്നാള്‍ കാഴ്ചകള്‍ ഓരോന്നായി മാഞ്ചസ്റ്ററില്‍ പുനരാവിഷ്കരിക്കപ്പെടും.
വിഥിന്‍ഷോയുടെ തെരുവീഥികളെ പുളകച്ചാര്‍ത്തണിയിച്ച് ഭക്തിയോടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് മാഞ്ചസ്റ്റര്‍ പോലീസ് ഗതാഗതം നിയന്ത്രിച്ച് വഴിയൊരുക്കും. പ്രദക്ഷിണം തിരികെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടക്കും. ഇതേ തുടര്‍ന്ന് ദേവാലത്തില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടക്കും. ഇതേ തുടര്‍ന്ന് ദേവാലയത്തിനുള്ളില്‍ ചേരുന്ന യോഗത്തില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ അനുഗ്രഹം പ്രഭാഷണം നടത്തുമ്പോള്‍ ഗാനാലാപനവുമായി ബിജു നാരായണനും സംഘവും ചേരും. ഇതേ തുടര്‍ന്ന് വിളമ്പുന്ന പാച്ചോര്‍ നേര്ച്ചയെയും സ്നേഹ വിരുന്നോടെയും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.
തിരുന്നാള്‍ ദിനം പള്ളി പരിസരത്ത് വിവിധങ്ങളായ സ്റ്റാളുകളും കുട്ടികള്‍ക്കായി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളും അണി നിരക്കും. ഇടവക വികകാരി റവ. ഡോ. ലോനപ്പന് അരങ്ങാശ്ശേരിയുടെ കീഴില്‍ സാബു ചുണ്ടക്കാട്ടില്‍ ബിജു ആന്റണി എന്നിവര്‍ ജനറല്‍ കണ്വീനറര്മാരായും ട്രസ്റ്റിമാരായ റോയി ജോര്‍ജ്, സിബി ജെയിംസ് എന്നിവരുടെ കീഴില്‍ നൂറംഗ കമ്മറ്റി തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി നിലവില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല