സ്വന്തം ലേഖകന്‍: ഭരണഘടനാ ഭേദഗതി ബില്‍, തുര്‍ക്കി പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. ബില്‍ അവതരണത്തിനിടെ ഭരണ പ്രതിപക്ഷ എംപിമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അടി പൊടിപൊടിക്കുന്നതിനിടെ പാര്‍ലമെന്ററി കമ്മിറ്റി ബില്‍ പാസാക്കിയെടുക്കുകയും ചെയ്തു.
വിചാരണ നേരിടുന്നതില്‍നിന്ന് എംപിമാര്‍ക്കുള്ള പരിരക്ഷ എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതിയാണ് പാസായത്. കുര്‍ദ് അനുകൂല പാര്‍ടിയായ എച്ച്ഡിപിയിലെ നിരവധി എംപിമാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഭീകരതയുമായി ബന്ധപ്പെട്ട കേസ് ചുമത്തപ്പെട്ട ഇവരെ വിചാരണ ചെയ്യാനാണ് ഭരണപക്ഷമായ എകെ പാര്‍ടി ലക്ഷ്യമിടുന്നത്.
ഏറ്റുമുട്ടലിനിടെ എംപിമാര്‍ പരസ്പരം വെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞു. ഒരു എംപിയുടെ തോളെല്ല് സ്ഥാനംതെറ്റി. മറ്റൊരാളുടെ മൂക്ക് പൊട്ടി. സംഘര്‍ഷത്തിനൊടുവില്‍ കുര്‍ദ് അനുകൂല പാര്‍ടി എംപിമാര്‍ സഭ ബഹിഷ്കരിച്ചു. പാര്‍ലമെന്റില്‍ അരങ്ങേറുന്ന നാടകത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ കിട്ടില്ലെന്ന് കുര്‍ദ് നേതാവ് മിതാത് സന്‍കാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോഴും പാര്‍ലമെന്റില്‍ കൈയാങ്കളിയുണ്ടായി.
ഭരണഘടനാഭേദഗതി പ്രാബല്യത്തില്‍വരണമെങ്കില്‍ സമ്പൂര്‍ണ പാര്‍ലമെന്റ് സമ്മേളനം അംഗീകരിക്കണം. കുര്‍ദ് വിമതരെ എച്ച്ഡിപി സഹായിക്കുന്നുവെന്നാണ് തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്റെ ആരോപണം. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ കുര്‍ദുകളുമായി രണ്ടുവര്‍ഷമായി നടത്തിവന്ന സമാധാനപ്രക്രിയ ഈയിടെ താളംതെറ്റിയിരുന്നു.
ഇതിനു ശേഷം മേഖലയില്‍ സംഘര്‍ഷം രൂക്ഷമാണ്. നാനൂറോളം സൈനികര്‍ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ നാടുവിട്ടു. അതേസമയം, നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ രാഷ്ട്രീയ വിഭാഗമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം എച്ച്ഡിപി നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല