സ്വന്തം ലേഖകന്‍: ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ വിവിധ സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികള്‍ നരകിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്.
കിഴക്കന്‍ യുക്രെയ്നില്‍ അഞ്ചിലൊന്ന് വിദ്യാലയങ്ങളും അടച്ചിട്ടനിലയിലാണ്. അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷവും അക്ഷരം നിഷേധിക്കപ്പെട്ടവരാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് വിദ്യാഭ്യാസ നിഷേധത്തിന് അഞ്ചിരട്ടി സാധ്യതയുണ്ടെന്നും ഇസ്തംബൂളില്‍ മേയ് 22, 23 തീയതികളില്‍ നടക്കുന്ന ലോക മാനവിക സമ്മേളനത്തിന് മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
ഒരു വര്‍ഷത്തിലേറെ വിദ്യാലയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന കുട്ടികളിലേറെയും പിന്നീട് വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകാറില്ല. ആണ്‍കുട്ടികളെ അപേക്ഷിച്ച് ഇടക്ക് വിദ്യാഭ്യാസം നിര്‍ത്താന്‍ രണ്ടര ഇരട്ടി സാധ്യത കൂടുതലാണ് പെണ്‍കുട്ടികള്‍ക്കെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് പരമാവധി സഹായമത്തെിക്കുകയെന്ന ലക്ഷ്യത്തോടെ 400 കോടി ഡോളര്‍ പ്രാഥമിക ഫണ്ട് സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല