സ്വന്തം ലേഖകന്‍: ശക്തിമാന് റിട്ടേണ്‍സ്, രണ്ടാം വരവിലും മുകേഷ് ഖന്ന തന്നെ ശക്തിമാന്. 90 കളിലെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദൂരദര്ശന് സംപ്രേക്ഷണം ചെയ്ത ശക്തിമാന് അക്കാലത്തെ കുട്ടികള്‍ക്കിടയില്‍ തരംഗമായിരുന്നു. ശക്തിമാനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ മുകേഷ് ഖന്നയാണ് രണ്ടാം വരവിലും ശക്തിമാനെ അവതരിപ്പിക്കുക.
വിവിധ ചാനലുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മുകേഷ് ഖന്ന വ്യക്തമാക്കി. ജനങ്ങള്‍ തന്നെ തിരിച്ചറിയുന്നത് ശക്തിമാന് എന്ന കഥാപാത്രത്തിന്റെ പേരിലാണ്. അതുകൊണ്ടു തന്നെ മറ്റൊരു നടനും കഥാപാത്രം വിട്ടുകൊടുക്കില്ലെന്നും മുകേഷ് ഖന്ന പറഞ്ഞു.
തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷം മുമ്പത്തെ തന്റെ ശരീരപ്രകൃതിയിലേക്ക് തിരിച്ചു പോകാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥാപാത്രമാകുന്നതിന്റെ ഭാഗമായി ഇതിനകം എട്ട് കിലോ ശരീരഭാരം കുറച്ചു. ഇനിയും എട്ട് കിലോ കൂടി കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ട് താന്‍ മാറി നിന്ന് ചെറുപ്പക്കാരായ നടന്മാര്ക്ക് അവസരം നല്‍കുന്നില്ല എന്ന ചോദ്യത്തിന് ഒരു നടന് പ്രായം വിലങ്ങു തടിയല്ല. തന്നെ സംബന്ധിച്ച് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നും മുകേഷ് ഖന്ന പറഞ്ഞു. ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകമായാണ് ശക്തിമാന് പരമ്പരയുടെ രണ്ടാം വരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല