സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുറ്റവാളികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അധോലോക ബാങ്ക്, സ്ഥാപകന് 20 വര്‍ഷം തടവ്. കുറ്റവാളികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനായി അധോലോക ബാങ്ക് നടത്തിയ ആര്‍തര്‍ ബുഡോവ്‌സ്‌കിയെയാണ് കോടതി ശിക്ഷിച്ചത്. ബുഡോവ്‌സ്‌കി കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം നേരത്തെ തെളിഞ്ഞിരുന്നു.
ആര്‍തര്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ച ജില്ലാ ജഡ്ജി ഇയാള്‍ 5,00,000 ഡോളര്‍ പിഴയായി അടക്കാനും ഉത്തരവിട്ടു. ആര്‍തര്‍ സാങ്കല്‍പിക പണം കൊണ്ടാണ് പണംവെളുപ്പിച്ചതെങ്കിലും ഇത് കുറ്റകൃത്യമല്ലാതാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
‘ലിബര്‍ട്ടി റിസര്‍വ്’ എന്ന കമ്പനിയുടെ സ്ഥാപകനായ ആര്‍തര്‍ ലോകത്തെമ്പാടുമുള്ള കുറ്റവാളികള്‍ക്ക് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനു സഹായിക്കുന്ന ഒരു സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത്. ലോകത്തെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ക്ക് കള്ളപ്പണം സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വെളുപ്പിക്കുന്നതിനുമായി കോസ്റ്ററീക കേന്ദ്രീകരിച്ചുള്ള ‘ലിബര്‍ട്ടി റിസര്‍വ്’ വഴി ആര്‍തര്‍ സമാന്തര ഡിജിറ്റല്‍ കറന്‍സി സംവിധാനമൊരുക്കുകയായിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാരുടെയും, ഹാക്കര്‍മാരുടെയും, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെയും പ്രിയ താവളമായിരുന്നു ഈ സ്ഥാപനം. ലിബര്‍ട്ടി റിസര്‍വിന് ലോകത്താകെ 5.5 മില്യണ്‍ യൂസര്‍ അക്കൗണ്ടുകളുണ്ട്. ഇതില്‍ 6,00,000 അക്കൗണ്ടുകള്‍ അമേരിക്കയില്‍നിന്നുള്ളവയാണ്.
ആര്‍തറിനൊപ്പം പിടികൂടിയ മാക്‌സിം ഷുഖറേവിനെ മൂന്നു കൊല്ലത്തേക്കും മാര്‍ക് മര്‍മിലേവിനെ അഞ്ചു കൊല്ലത്തേക്കും തടവിനു വിധിച്ചു. മറ്റു രണ്ടുപേരുടെ ശിക്ഷ മേയ് 13 നു പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല