സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെന്ന് സൂചന. കിമ്മിന്റെ പിതാവും മുത്തച്ഛനും ഈ പദവി വഹിച്ചിരുന്നു. അവരെപ്പോലെ കിം ജോംഗ് ഉനും ഉത്തരകൊറിയയുടെ സര്‍വാധിപതിയാണെന്ന പ്രഖ്യാപനമാകും ഈ പുതിയ സ്ഥാനലബ്ധി. ഇപ്പോള്‍ നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കിം ജോംഗ് ഉനിന്റെ സ്ഥാനക്കയറ്റമാണ്.
ഇതോടൊപ്പം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ വിപുലമായ അഴിച്ചുപണിയും ഉദ്ദേശിക്കുന്നുണ്ട്. ഇപ്പോഴും കിംജോംഗ് ഉന്‍തന്നെയാണു പാര്‍ട്ടിയിലും ഭരണത്തിലും സര്‍വാധിപതി. എന്നാല്‍, പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറി എന്ന പദവിയേ സ്വീകരിച്ചിട്ടുള്ളൂ. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചെയ്ത പ്രസംഗത്തില്‍ ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതടക്കമുള്ള സൈനികനേട്ടങ്ങള്‍ കിം വിവരിച്ചു. അന്താരാഷ്ട്ര വിമര്‍ശനങ്ങളും ഉപരോധങ്ങളും മറികടന്നാണ് അണ്വായുധങ്ങളും മിസൈലുകളും ഉണ്ടാക്കിയതെന്നു കിം അവകാശപ്പെട്ടു.
1980 നു ശേഷം ആദ്യമായി നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 3400 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. നൂറോളം വിദേശ മാധ്യമ പ്രതിനിധികളെ ഇതിനായി വിളിച്ചുവരുത്തിയെങ്കിലും ആരേയും കോണ്‍ഗ്രസിനു സമീപത്തേക്ക് അടുപ്പിച്ചിട്ടില്ല. അവരെ ഫാക്ടറികളും ആശുപത്രികളും ചരിത്രസ്മാരകങ്ങളും കാണാന്‍ കൊണ്ടുപോയിരിക്കുകയാണെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല