സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് മികച്ച വില്ലന്‍ നടനുള്ള അവാര്‍ഡ്. വിജയ് ടി വി പ്രഖ്യാപിച്ച ‘വിജയ് ടി വി അവാര്‍ഡ് 2011′ ലാണ് രജനിയെ മികച്ച വില്ലനായി തിരഞ്ഞെടുത്തത്.
കോടികളുടെ ചെലവില്‍ ശങ്കര്‍ സംവിധാനം ചെയ്ത ‘യന്തിരന്’ എന്ന ചിത്രത്തിലെ ‘വില്ലന്‍’റോബോട്ടാണ് രജനിയെ അവാര്‍ഡിനര്‍ഹനാക്കിയത്.
രജനിയ്ക്കുവേണ്ടി നടനും മകളുടെ ഭര്‍ത്താവുമായ ധനുഷ് അവാര്‍ഡ് ഏറ്റുവാങ്ങി. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തിയ ആരാധകരോടുള്ള നന്ദി അറിയിച്ചിട്ടുണ്ടെന്നും ധനുഷ് വേദിയില്‍ പറഞ്ഞു. ഉടന്‍തന്നെ രജനി ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നും ധനുഷ് അറിയിച്ചു.
ജനപ്രിയ താരം എന്ന വിഭാഗത്തിലും അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നു.
കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ റാണയുടെ ഷൂട്ടിംഗ് സമയത്താണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം ആശുപത്രിവിട്ട അദ്ദേഹത്തെ നെഞ്ചിലുണ്ടായ നീര്‍ക്കെട്ടിനെത്തുടര്‍ന്ന് പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് വിദഗ്ധചികില്‍സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറ്റിയിരുന്നു.
അതേസമയം സിംഗപ്പൂരില്‍നിന്ന് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന്റെ വസതിയായ പോസ് ഗാര്‍ഡനിലേക്ക് വരില്ലെന്നും പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചു.
മക്കളായ സൗന്ദര്യയും ഐശ്വര്യയും രജനിയുടെ കൂടെ സിംഗപ്പൂരിലാണുള്ളത്. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ആശ്രമ സ്കൂളിന്റെ കാര്യങ്ങള്‍ക്കായി ഭാര്യ ലത രജനീകാന്ത് കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല