1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2016

സാബു ചുണ്ടക്കാട്ടില്‍: അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍. പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ ആചരിച്ച മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍ ദൈവാനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങളായി. പരമ്പരാഗത ശൈലിയില്‍ ആചരിച്ച തിരുന്നാള്‍ മലയാളി ഇംഗ്ലീഷ് സമൂഹത്തിന് നവ്യാനുഭവമായി മാറി. ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസിന്റെയും ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപൊലീത്തയുടെയും നിരവധി വൈദികരുടെയും സാന്നിധ്യം തിരുന്നാളിന് ആത്മീയ ഉണര്‍വ് പകര്‍ന്നു നല്‍കി.ജപമാല പ്രാര്‍ത്ഥനയോടെ പ്രധാന തിരുന്നാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് ദേവാലയ കവാടത്തിലേക്ക് മെത്രാന്മാരെയും വൈദികരെയും പൂക്കുടകള്‍ ഏന്തിയ ബാലികമാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ചു. ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ സീറോ മലങ്കര കത്തോലിക്ക സഭ ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ അഭിവന്ദ്യ മെത്രാപ്പൊലീത്തമാരെ കത്തിച്ച മെഴുകുത്തിരികള്‍ നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന വി. കുര്‍ബ്ബാനക്ക് ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപൊലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പ് മാര്‍ക്ക് ഡേവീസ് തിരുന്നാള്‍ സന്ദേശം നല്‍കി. പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിച്ച് മുന്നോട്ടു പോകുന്നതിനും പരിശുദ്ധ ദൈവ മാതാവിന്റെ മാതൃക അനുസരിച്ച് ജീവിക്കുന്നതിനും അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

വി. കുര്‍ബ്ബാനക്ക് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കില്‍ ഘാനന്‍, മലങ്കര സഭ യുകെ കോര്‍ഡനേറ്റര്‍ ഫാ. ഡാനിയേല്‍ കുളങ്ങര, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മൈക്കില്‍ മുറെ, ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി (സീറോ മലബാര്‍ ചാപ്ലയിന്‍ ഷ്രൂസ്ബറി രൂപതാ), ഫാ. സജി മലയില്‍ പുത്തന്‍പ്പുര (ക്‌നാനായ ചാപ്ലയിന്‍, ഷ്രൂസ്ബറി രൂപത), ഫാ. മാത്യൂ ചുരപ്പൊയ്ക (സീറോ മലബാര്‍ ചാപ്ലയിന്‍ ലങ്കാഷയര്‍ രൂപത), ഫാ. എബ്രഹാം പതാക്കല്‍ (സീറോ മലബാര്‍ ചാപ്ലയിന്‍ ഡബ്ലിന്‍ രൂപത), ഫാ. തോമസ് തൈക്കൂട്ടത്തില്‍ (സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍), ഫാ. ജിനോ (സീറോ മലബാര്‍ ചാപ്ലയിന്‍, ലിവര്‍പൂള്‍), ഫാ. റോബിന്‍സണ്‍, ഫാ. തോമസ് മടുക്കുംമൂട്ടില്‍ എന്നിവര്‍ സഹകര്‍മ്മികരായി.

വി. കുര്‍ബ്ബാനയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെയും രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കില്‍ ഘാനന്‍, വികാരി ഫാ. മൈക്കില്‍ മുറെ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. രാജു ചെറിയാനും സുശീല ജേക്കബും മെത്രാന്മാര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി.

എം. സി. വൈ. എം കര്‍മ്മ പദ്ധതി (മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ്) ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ മാര്‍ക്ക് ഡേവീസ് ഉത്ഘാടനം ചെയ്തു. എം.സി.വൈ.എം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ജോബി ജോസ് കര്‍മ്മ പദ്ധതി വിവരണം നല്‍കി.

തുടര്‍ന്ന് നടന്ന ആഘോഷപ്പൂര്‍വ്വമായ തിരുന്നാള്‍ റാസ ഭക്തിനിര്‍ഭരമായി. പരിശുദ്ധ ദൈവമാതാവിന്റെ നിറ സാനിധ്യം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍! പുഷ്പാലംകൃതമായ പേടകത്തില്‍ ക്രമീകരിച്ച മാതാവിന്റെ തിരുസ്വരൂപ മുത്തുകുടകളുടെയും ഐറിഷ് ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിച്ചു. ഫാ. എബ്രഹാം പതാക്കല്‍ പ്രദക്ഷിണത്തിന് കാര്‍മ്മികത്വം വഹിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ക്രമീകരിച്ച തിരുന്നാള്‍ ഏറെ ശ്രദ്ധേയമായി. രാജു ചെറിയാന്‍ (കണ്‍വീനര്‍), ജോബി വര്‍ഗീസ് (ട്രസ്റ്റി), എബി തോമസ്, സുശീല ജേക്കബ്, ജോര്‍ജ് (സെക്രട്ടറി), റെജി മടത്തിലേടത്ത് തുടങ്ങിയവര്‍ തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാപ്ലന്‍സി, സെക്രട്ടറി ജോബി വര്‍ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.