സ്വന്തം ലേഖകന്‍: കൊച്ചി മുസരിസ് ബിനാലെ വീണ്ടുമെത്തുന്നു, ഡിസംബര്‍ 12 ന് തുടക്കമാകും. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കലാകാരന്മാരും വിഖ്യാതരായ എഴുത്തുകാരും സംഗീതജ്ഞരുമടക്കം കൊച്ചി മുസിരിസ് ബിനാലെ 2016 ല്‍ പങ്കെടുക്കുന്നവരുടെ പട്ടികയും പ്രധാന വേദികളും പ്രഖ്യാപിച്ചു. ഡിസംബര്‍ 12 മുതല്‍ നടക്കുന്ന ബിനാലെയില്‍ ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയാണ് പ്രധാന കലാകാരന്.
ബിനാലെയുടെ വേദികളായി ആസ്പിന്‍വാള്‍ ഹൗസ്, ഡര്‍ബാര്‍ ഹാള്‍, ഡേവിഡ് ഹാള്‍, പെപ്പര്‍ ഹാള്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ബംഗ്ലാവ്, വെയര്‍ഹൗസുകള്‍, ഓഫീസ് കെട്ടിടം എന്നിവ മേളയ്ക്കായി ഉപയോഗിക്കും. ഡിഎല്‍എഫ്, ഗുജ്റാള്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ബിനാലെയ്ക്ക് ആസ്പിന്‍വാള്‍ ഹൗസ് ലഭിക്കുന്നത്.
എറണാകുളത്തെ ഡര്‍ബാര്‍ ഹാള്‍, ഫോര്‍ട്ട് കൊച്ചിയിലെ നവീകരിക്കപ്പെട്ട ഡച്ച് ബംഗ്ലാവായ ഡേവിഡ് ഹാള്‍ എന്നിവയ്ക്കുപുറമെ പെപ്പര്‍ ഹൗസിലെ പ്രദര്‍ശനവേദികള്‍, ആര്‍ട്ടിസ്റ്റ് റഡിഡന്‍സി സ്റ്റുഡിയോകള്‍, ആര്‍ട്ട് വര്ക്ഷോപ്പുകള് എന്നിവയും ബിനാലെയുടെ ഭാഗമാകും. 2017 മാര്‍ച്ച് 29 വരെ കൊച്ചിയില്‍ നടക്കുന്ന ബിനാലെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്.
സുദര്ശന് ഷെട്ടിയാണ് ഇത്തവണ ബിനാലെ ക്യൂറേറ്റര്‍. ഏറ്റവും വലിയ ആകര്‍ഷണമായ പ്രദര്‍ശനത്തിനു പുറമെ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍ തുടങ്ങിയവ ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലാകാരന്മാരുടെ രണ്ടാംപട്ടികയും ക്യൂറേറ്ററുടെ കുറിപ്പും വരുന്ന ദിവസങ്ങളില്‍തന്നെ പ്രസിദ്ധീകരിക്കും.
വൈവിധ്യമാര്‍ന്ന ശൈലികളുടെയും ചിന്താധാരകളുടെയും സൂക്ഷ്മബോധങ്ങളുടെയും സംഗമമായിരിക്കും ബിനാലെയില്‍ അരങ്ങേറുകയെന്ന് പുത്തന്‍ തലമുറയിലെ നവോത്ഥാന കലാകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സുദര്ശന് ഷെട്ടി പറഞ്ഞു.
റൗള്‍ സുറിറ്റയ്ക്കു പുറമെ പട്ടികയിലുള്ള കലാകാരന്മാര് ഇവരാണ്: ഔയാംഗ് ജിയാംഗി, ചൈന( കവിത, ഇന്സ്റ്റലേഷന്),
സോഫി ജോഡി, ബര്‍ട്രാന്‍ഡ് ലകോംബെ ഫ്രാന്‍സ്, (ശില്പകല, ഇന്സ്റ്റലേഷന്),
കാരലിന് ഡ്യുക്കാറ്റലറ്റ്, ഫ്രാന്‍സ് (വീഡിയോ),
അശ്റഫ് തുലുബ്, ഫ്രാന്‍സ്/മൊറോക്കോ (ചിത്രകല, വീഡിയോ),
ശര്‍മിഷ്ഠ മൊഹന്തി, ഇന്ത്യ(കവിത, ഇന്സ്റ്റലേഷന്),
അവിനാശ് വീരരാഘവന്, ഇന്ത്യ (എംബ്രോയ്ഡറി, വീഡിയോ),
ഓറിജിത് സെന്‍, ഇന്ത്യ (ഗ്രാഫിക് ആര്‍ട്സ്),
അനാമിക ഹക്സര്‍, ഇന്ത്യ(നാടകകല),
പ്രണീത് സോയ്, ഇന്ത്യ/ഹോളണ്ട്(ചിത്രകല, ശില്പകല, ഇന്സ്റ്റലേഷന്),
ടിവി സന്തോഷ്, ഇന്ത്യ(പെയ്ന്റിംഗ്),
ഡെസ്മണ്ട് ലസാറോ, ഇന്ത്യ/യു.കെ (പെയ്ന്റിംഗ്),
ഡാനിയോല ഗലിയാനോ, ഇറ്റലി (പെയ്ന്റിംഗ്, അവതരണകല),
യൂകോ മോറി, ജപ്പാന് (ഇന്സ്റ്റലേഷന്),
കത്രീന നീബുര്ഗ, ആന്‍ഡ്രിസ് ഇഗ്ലിറ്റിസ് (ലാത്വിയ, ഇന്സ്റ്റലേഷന്),
വലേറി മേജര്‍, മെക്സിക്കോ (കവിത, പെയ്ന്റിംഗ്),
കാമില നോര്‍മന്റ്, യുഎസ്/നോര്‍വെ ( സൗണ്ട് ഇന്സ്റ്റലേഷന്),
പെഡ്രോ ഗോമസ്ഇഗാന, കൊളംബിയ/നോര്‍വെ (ഇന്സ്റ്റലേഷന്),
ഹന്ന ടൂളിക്കി, യു.കെ (സൗണ്ട്, എഴുത്ത്, വീഡിയോ),
ചാള്‍സ് അവേറി, യുകെ (ചിത്രകല, പൊതു ഇടങ്ങളിലെ ഇന്സ്റ്റലേഷന്),
ഗാരി ഹില്‍, യുഎസ്എ (വീഡിയോ),
ഡാന അവര്‍താനി (ചിത്രകല/പെയ്ന്റിംഗ്, സൗദി അറേബ്യ),
എറിക് വാന്‍ ലീഷു, നെതര്‍ലാന്‍ഡ്സ് (അവതരണകല),
നൈസ ഖാന്, പാകിസ്ഥാന്/യുകെ (വീഡിയോ ഇന്സ്റ്റലേഷന്),
പവെല്‍ അല്താമര്, പോളണ്ട് (ശില്പകല)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല