1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് കറി കഴിച്ചയാള്‍ മരിച്ചു, ഉടമക്കെതിരെ നരഹത്യക്ക് കേസ്. നോര്‍ത്ത് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് നടത്തുന്ന മൊഹമ്മദ് സമന്‍ എന്ന ബംഗ്ലാദേശിക്കെതിരെയാണ് കേസ്. റസ്റ്റോറന്റില്‍ വിളമ്പിയ കറി കഴിച്ച ഇടപാടുകാരന്‍ അലര്‍ജിയെ തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

പോള്‍ വില്‍സണ്‍ എന്ന ബ്രിട്ടീഷുകാരനാണ് മരണമടഞ്ഞത്. ആരോപണം മൊഹമ്മദ് സമന്‍ നിഷേധിച്ചിട്ടുണ്ട്. യുകെയിലെ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ബംഗ്‌ളാദേശി വംശജരുടെ റെസ്‌റ്റോറന്റുകളുടെ ഇടയില്‍ ഏറെ പ്രശസ്തമാണ് മൊഹമ്മദിന്റെ ഇന്ത്യന്‍ ഗാര്‍ഡന്‍. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആറ് നിയമലംഘനങ്ങളാണ് മൊഹമ്മദ് സമനെതിരേ ചുമത്തിയിരിക്കുന്നത്.

മോശം ഭക്ഷണം വിളമ്പുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ ആരോഗ്യം സംബന്ധിച്ച് അനേകം മുന്നറിയിപ്പുകള്‍ നേരത്തേ മൊഹമ്മദ് സമന് കിട്ടിയിരുന്നു. പോളിന്റെ മരണത്തോടെ മുന്നറിയിപ്പ് ലംഘിക്കപ്പെട്ടതായി കോടതി വിലയിരുത്തി.

2014 ജനുവരിയില്‍ 38 കാരനായ വില്‍സണെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ വില്‍സണ്‍ കഴിച്ച ഇന്ത്യന്‍ ഗാര്‍ഡനില്‍ നിന്നുള്ള ഭക്ഷണമാണ് മരണത്തിന് കാരണമായതെന്നും ഇതില്‍ വില്‍സണ്‍ നിര്‍ബ്ബന്ധമായും വേണ്ടെന്ന് ആവശ്യപ്പെട്ട കടല ഉള്‍പ്പെടുത്തിയിരുന്നതാണ് പ്രശ്‌നമായതെന്നും കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ഗാര്‍ഡനില്‍ നിന്നും ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ കടല ഒഴിവാക്കണമെന്ന് വില്‍സണ്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചിരുന്നു. ചെലവ് കുറയ്ക്കാനായി സമന്റെ റെസ്‌റ്റോറന്റുകളില്‍ ബദാംപൊടിക്ക് പകരം വിലകുറഞ്ഞ കടലപ്പൊടി ഉപയോഗിച്ചിരുന്നെന്നും ഇതിന് പുറമേ അനധികൃത കുടിയേറ്റക്കാരെ ഈ റസ്‌റ്റോറന്റില്‍ ജോലിക്ക് വെച്ചിട്ടുള്ളതായും കോടതി കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.