സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലേക്കു ജനവിധി തേടി ഇന്ത്യന്‍ വനിത, ജയിച്ചാല്‍ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. വാഷിങ്ടണിലെ ഏഴാമത് ഡിസ്ട്രിക്റ്റ് സീറ്റില്‍ നിന്നു മത്സരിക്കുന്ന ഇന്ത്യന്‍ വംശജ പ്രമീള ജയ്പാലാണ് യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാകാന്‍ കാത്തിരിക്കുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് പ്രമീള ജയ്പാല് മത്സര രംഗത്തുള്ളത്.
യുഎസിലാകെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍ ഉള്ളതില്‍ ഒരാളാണ് പ്രമീള. 2015 ജനുവരി 12 മുതല്‍ വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റില്‍ അംഗമായ പ്രമീള സിയാറ്റില്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകയുമായിരുന്നു.
വണ്‍ അമേരിക്ക എന്ന അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള സന്നദ്ധ സംഘടനയുടെ സ്ഥാപക നേതാവുമാണ്. ചെന്നൈയിലാണു ജനിച്ചതെങ്കിലും ഇന്തോനീഷ്യ, സിംഗപ്പുര്‍ എന്നിവിടങ്ങളിലായിരുന്നു പ്രമീള ജയ്പാല് വളര്‍ന്നത്. 1982 ലാണ് യു.എസിലെത്തിയത്.
വാഷിങ്ടണിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദവും ഷിക്കാഗോയിലെ നോര്ത്ത്വെസ്റ്റേണ് യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ബി.എയും കരസ്ഥമാക്കിയ പ്രമീള 2000 ത്തിലാണ് യു.എസ്. പൗരത്വം സ്വീകരിച്ചത്. ‘പില്‍ഗ്രിമേജ്: വണ്‍ വുമെണ്‍സ് റിട്ടേണ്‍ ടു എ ചെയ്ഞ്ചിങ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല