സ്വന്തം ലേഖകന്‍: മഴയെ തളര്‍ത്തി തെരഞ്ഞെടുപ്പ് ആവേശം, വോട്ടു ചെയ്യാന്‍ വരിയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉള്‍പ്പടെയുള്ള പ്രമുഖര്‍. നടന് ദുല്‍ഖര്‍ സല്മാന് കേരളത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യ വോട്ട് ചെയ്യാനെത്തിയ സുജിയും സൂര്യയും ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി.
കൊച്ചിയില്‍ പനമ്പള്ളിനഗറിലെ ബൂത്തില്‍ രാവിലെ തന്നെ ദുല്‍ഖര്‍ വോട്ടു ചെയ്യാനെത്തി. ഇതു വരെ ചെന്നെയില്‍ വോട്ട് ചെയ്തിരുന്ന ദുല്‍ക്കര്‍ ഇതാദ്യമാണ് കേരളത്തില്‍ വോട്ട് ചെയ്യുന്നത്. സമ്മതിദാനം ഓരോരുത്തരുടേയും അവകാശവും കടമയുമാണെന്നും അത് വിനിയോഗിക്കണമെന്നും ദുല്‍ക്കര്‍ പറഞ്ഞു. വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് പറയാന്‍ താല്‍പ്പര്യമില്ലെന്നും ദുല്‍ക്കര്‍ വ്യക്തമാക്കി.
ദുല്‍ഖറിന്റെ പിതാവ് മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തിയത് ഇതേ ബൂത്തില്‍ തന്നെയായിരുന്നു. രാവിലെ പത്തു മണിയോടെ ബൂത്തിലെത്തിയ മമ്മൂട്ടിയും എല്ലാവരും വോട്ടു ചെയ്യണമെന്ന സന്ദേശം നല്‍കിയാണ് മടങ്ങിയത്. നടന് ദിലീപ് ആലുവയില്‍ വോട്ട് ചെയ്തു. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരേയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരേയും തെരഞ്ഞെടുക്കേണ്ടതിന് സമ്മതിദാനം വിനിയോഗിക്കണമെന്നും ദിലീപ് പറഞ്ഞു.
കാവ്യാ മാധവനും എല്ലാവരോടും വോട്ട് ചെയ്യാനും അവസരം പാഴാക്കരുതെന്നും പറഞ്ഞു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിനിടയില്‍ കൊച്ചിയിലാണ് കാവ്യ വോട്ട് ചെയ്തത്. തൃപ്പൂണിത്തുറയിലായിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസന്റെ വോട്ട്. ഭാര്യയ്ക്കൊപ്പമെത്തിയാണ് ശ്രീനിവാസന് വോട്ട് രേഖപ്പെടുത്തിയത്.
പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ഗണേശ്കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് വോട്ടവകാശം നല്കിയ തെരഞ്ഞെടുപ്പില്‍ സുജി തൃശൂര്‍ നാട്ടികയില്‍ വോട്ട് രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ നിന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൂര്യയും വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്കാവിലായിരുന്നു സൂര്യയുടെ വോട്ട്.
പിണറായി കണ്ണൂരിലും വിഎസ് ആലപ്പുഴയിലും വോട്ട് ചെയ്തപ്പോള്‍ ശാസ്തമംഗലത്ത് സുരേഷ് ഗോപിയും പാണക്കാട് കുഞ്ഞാലിക്കുട്ടിയും ആലപ്പുഴയില്‍ ജി സുധാകരനും ആദ്യ മണിക്കൂറില്‍ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
ചരിത്രത്തില്‍ ആദ്യമായി കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം കേരളത്തില്‍ വോട്ട് ചെയ്തു. ഭാര്യയ്ക്കൊപ്പം എത്തിയ ഗവര്‍ണര്‍ വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്റ്റേഷനിലാണ് വോട്ട് ചെയ്തത്. സാധാരണ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താറില്ല. സ്വന്തം സംസ്ഥാനങ്ങളിലാണ് അവര്‍ വോട്ട് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല