സ്വന്തം ലേഖകന്‍: കാബൂളില്‍ വൈദ്യുതി പദ്ധതിക്കെതിരെ ന്യൂനപക്ഷമായ ഹസാറകളുടെ വമ്പന്‍ പ്രകടനം. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വൈദ്യുതി പദ്ധതി നിര്‍ത്തിവെച്ചു. വൈദ്യുതി ലൈനുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് അഫ്ഗാനിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ ഹസാറകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
പദ്ധതിയുടെ ഭാഗമായ 500 കെ.വി ട്രാന്സ്മിഷന് ലൈന്‍ ഹസാറകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാമിയാന്‍ പ്രവിശ്യ വഴിയാക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം ഹസാറകള്‍ തിങ്കളാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തി. തുതാപ് ലൈന്‍ എന്നറിയപ്പെടുന്ന വൈദ്യുതി ലൈന്‍ ബംയാന്‍ വഴി കടന്നുപോകുന്ന രീതിയിലായിരുന്നു പദ്ധതി.
എന്നാല്‍, പണം ലാഭിക്കാന്‍ പദ്ധതി വടക്കന്‍ സലാങ് പാസ് വഴിയാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഹസാറകള്ക്കെതിരെയുള്ള വിവേചനപരമായ നീക്കമാണ് വൈദ്യുതി ലൈനിന്റെ പാതയില്‍ വരുത്തിയ മാറ്റമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഹസാറകളുടെ പ്രവിശ്യയില്‍ ഒരിക്കലും വികസനമുണ്ടാകരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണു സമരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
തുര്ക്മെനിസ്താന്, ഉസ്ബകിസ്താന്‍,തജികിസ്താന്‍, അഫ്ഗാനിസ്താന്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് തുതാപ്
വൈദ്യുതി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച തുര്‍ക്മെനിസ്താനില്‍ നടന്നു. കമീഷന്റെ അവലോകനം പൂര്‍ത്തിയാകുന്നതുവരെ പദ്ധതി നിര്‍ത്തിവെച്ചതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല