സ്വന്തം ലേഖകന്‍: ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണം ശക്തമാക്കി സൗദി, നിയമം തെറ്റിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ. സൗദിവല്‍ക്കരണം ലംഘിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളുടെ പ്രധാന ഓഫീസിലെയും ശാഖകളിലേയും മാനേജര്‍മാര്‍ സൗദിക്കാരാകണം എന്നതാണ് പ്രധാന നിബന്ധന.
പൂര്‍ണ സമയം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സ്ഥാപന നടത്തിപ്പിന് അധികാരമുണ്ടാകണമെന്നും ട്രാവല്‍സ് ഓഫീസ്, ശാഖാ മാനേജര്‍മാര്‍ വിദേശികളാണെങ്കില്‍ യോഗ്യരായ സൗദികളെ അസിസ്റ്റന്റ് മാനേജര്മാരാക്കണമെന്നും നിയമം നിര്‍ദ്ദേശിക്കുന്നു. ലൈസന്‍സ് ലഭിച്ച് രണ്ടു വര്‍ഷത്തിനകം വിദേശികള്‍ക്കു പകരം സൗദികളെ മാനേജര്‍മാരായി നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
ട്രാവല്‍ ഏജന്‍സി ജീവനക്കാരുടെ വിവരങ്ങള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ നിയമനങ്ങളും രാജികളും പിരിച്ചു വിടലുമടക്കമുള്ള മാറ്റങ്ങള്‍ മൂന്നു മാസത്തിനകം അതോറിറ്റി രേഖകളില്‍ ചേര്‍ക്കണം.
രാജ്യത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 9,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ രണ്ടായിരംപേര്‍ക്ക് വിമാനത്താവളങ്ങളിലാണ് ജോലി. ട്രാവല്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറായിരം റിയാലില്‍ കുറയാത്ത വേതനം ലഭിക്കുന്നതായും തൊഴില്‍മന്ത്രാലയം പറയുന്നു.
പാര്‍പ്പിട അലവന്‍സും വിമാന ടിക്കറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സും അടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പുതിയ നിയമം ഏറ്റവും അധികം ബാധിക്കുക ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെയാണ്. ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ് സൗദിയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല