സ്വന്തം ലേഖകന്‍: ബിബിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, നാലു വെബ്സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. പതിനഞ്ചു മില്യന്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന ബ്രിട്ടന്റെ ഔദ്യോഗിക മാധ്യമ ഭീമന് തങ്ങളുടെ പ്രമുഖ സൈറ്റുകളായ ബിബിസി ഫുഡ്, ന്യുസ് മാഗസിന്, ഐവണ്ടര്‍, ന്യൂസ്ബീറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുന്നതായി അധികൃതര്‍ സൂചന നല്കി.
ബിബിസി ന്യൂസ്ബീറ്റിന്റെ സൈറ്റും ആപ്പും ഇനി മുതല്‍ ലഭ്യമാകില്ല. ഇതിനു പുറമേ ബിബിസി ട്രാവല്‍ സൈറ്റിന്റെയും സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിജിറ്റല്‍ റേഡിയോയ്ക്ക് സോഷ്യല്‍ മീഡിയയിലുള്ള സാന്നിധ്യം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിബിസി ഓണ്‍ലൈന്‍ ന്യൂസ് വിവരങ്ങള്‍ ന്യൂസ് ആപ്പു വഴി ലഭ്യമാകും. 11,000 ത്തോളം വരുന്ന പാചകക്കുറിപ്പുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്ന് ബിബിസി വ്യക്തമാക്കിയിട്ടുണ്ട്. ബിബിസിയുടെ സേവനങ്ങള്‍ കൂടുതല്‍ ചെലവു കുറഞ്ഞ രീതിയില്‍ പുനര്‍ നിര്‍ണയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ഡയറക്ടര്‍ ജെയിംസ് ഹാര്‍ഡിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല