സ്വന്തം ലേഖകന്‍: തായ്‌വാന് പുതിയ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന. സായ് യിങ് വെനാണ് തായ്‌വാന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്. ഭരണത്തിലേറിയ ഉടന്‍ രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ വെന്‍ ചൈനയില്‍നിന്നുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്നു വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന പാര്‍ട്ടിയുടെ നേതാവാണ്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സായ് യിങ് വെന്‍ പ്രസിഡന്റ് പദമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭീഷണി സ്വരവുമായി ചൈന രംഗത്തെത്തി.
ഏക ചൈനാ നയമാണ് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ ആണിക്കല്ലെന്ന് ഓര്‍മിപ്പിച്ചാണ് തങ്ങളുടെ കടുത്ത വിമര്‍ശക കൂടിയായ യിങ് വെന്നിനു ബെയ്ജിങ് മുന്നറിയിപ്പു നല്‍കിയത്. രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയെന്ന ഖ്യാതിയുമായാണ് സായ് അധികാരമേറ്റത്. സ്ഥിരവും സമാധാനത്തിലൂന്നിയുമുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ചൈനയുമായുള്ള ബന്ധം പരാമര്‍ശിക്കവേ സായ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഭൂതകാല ശേഷിപ്പുകള്‍ ഒഴിവാക്കി യാഥാര്‍ഥ്യത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടാമെന്നും അവര്‍ പറഞ്ഞു.
തായ്‌വാന്‍ ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യ വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സായ് കൂട്ടിച്ചേര്‍ത്തു.
1949ല്‍ ചൈനയില്‍നിന്നു വേര്‍പെട്ടെങ്കിലും തായ്‌വാന്‍ ഇന്നുവരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിട്ടില്ല. സ്വതന്ത്ര തായ്‌വാനെ പിന്തുണയ്ക്കുന്ന സായ് യിങ് വെന്‍ അധികാരമേല്‍ക്കുന്നതിനെ ആശങ്കയോടെയാണ് ചൈന വീക്ഷിക്കുന്നത്. അതേസമയം വെന്നിന്റെ നടപടികള്‍ക്ക് നിര്‍ലോഭ പിന്തുണയുമായി അമേരിക്ക മറുവശത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല