സ്വന്തം ലേഖകന്‍: തമിഴ്നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാ അംഗങ്ങളുടെ യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ നിമിഷങ്ങള്‍ക്കകമാണ് ജയലളിതയെ നേതാവായി തെരഞ്ഞെടുക്കുന്ന ഒറ്റവരി പ്രമേയം ഐകകണ്ഠ്യേന പാസാക്കിയത്.
പാര്‍ട്ടി പ്രസിഡന്റ് മധുസൂദനന് അധ്യക്ഷത വഹിച്ചു. ജയലളിതയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 134 എം.എല്‍.എമാരില്‍ 132 പേര് പങ്കെടുത്തു. അണ്ണാ ഡി.എം.കെ ചിഹ്നത്തില്‍ ജയിച്ച സഖ്യകക്ഷി അംഗങ്ങളും പങ്കെടുത്തു. പോയസ് ഗാര്‍ഡനിലെ വസതിയില്‍ ജയലളിതയെ സന്ദര്‍ശിച്ച ഒ. പന്നീര്‍ശെല്‍വം ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനം അറിയിച്ചു.
ഗവര്‍ണര്‍ കെ. റോസയ്യയെ ശനിയാഴ്ച സന്ദര്‍ശിക്കുന്ന ജയലളിത, സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഭൂരിപക്ഷ എം.എല്‍.എ മാരുടെ പിന്തുണയും കൈമാറും. ആറാം വട്ടം മുഖ്യമന്ത്രിയാകുന്ന ജയലളിതയുടെ സത്യപ്രതിജ്ഞ 23ന് രാവിലെ 11 നായിരിക്കും.
വെള്ളിയാഴ്ച മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എം.ജി.ആര് എന്നിവരുടെ പ്രതിമകള്‍ സന്ദര്‍ശിച്ച് ജയ പൂക്കളര്‍പ്പിച്ചു. തോറ്റെങ്കിലും 97 സീറ്റുമായി ഡിഎംകെ തമിഴ്നാട് നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകും. കരുണാനിധിയില്‍ നിന്ന് മകന് സ്റ്റാലിന്റെ കൈയ്യിലേക്ക് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈമാറുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. ജയയും സ്റ്റാലിനും നിയമസഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കൗതുകത്തോടെ കാത്തിരിക്കുകയാണ് തമിഴകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല