സ്വന്തം ലേഖകന്‍: സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ. ബ്രസീലിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂം കനത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന സികാ വൈറസ് ഇതാദ്യമായാണ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാന്നിധ്യം അറിയിക്കുന്നത്.
അമേരിക്കയിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അമേരിക്കന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. 50 അമേരിക്കന്‍ സ്റ്റേറ്റുകളിലായി 157 പേരും പ്യൂര്‍ട്ടോറിക്കയില്‍ 122 പേരുമാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രവിവന്‍ഷന്‍ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം സികാ ബാധിതര്‍.
മെയ് 11 ന് 110 ഗര്‍ഭിണികളില്‍ സികാ ബാധ സ്ഥിരീകരിച്ച ശേഷം പുറത്തു വന്ന കണക്കുകള്‍ അമേരിക്കയെ ആശങ്കപ്പെടുത്തുന്നതാണ്. മാതാവില്‍ നിന്നും കുട്ടിയിലേക്ക് എത്തുന്ന വൈറസ് ബാധ കുട്ടികളുടെ തലയുടേയും തലച്ചോറിന്റെയും വളര്‍ച്ചയെ കാര്യമായി തന്നെ ബാധിക്കുന്നു. ഈഡിസ് കൊതുകിന്റെ രണ്ടു വിഭാഗത്തില്‍ നിന്നും പടരുന്ന വൈറസ് ബാധ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്.
കൊതുകുകള്‍ വര്‍ദ്ധിച്ച വേനല്ക്കാലത്തായിരിക്കാം വൈറസ് പടര്‍ന്നതെന്നാണ് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍ കരുതുന്നത്. കൊതുകു നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ അല്ലാതെ സികയെ തടയാനുള്ള വാക്സിനുകള്‍ ഇല്ലെന്നതാണ് വലിയ പ്രതിസന്ധി. ഇതിനിടെ ഫ്രഞ്ച് കരീബിയന്‍ ദ്വീപില്‍ സിക വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഗില്ലന്‍ബാരി സിന്‍ഡ്രോമിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 84 കാരനാണ് മരിച്ചത്.
മുതിര്‍ന്നവരില്‍ സിക വൈറസ് മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് നാഡികളെ ബാധിക്കുന്ന ഗില്ലന്‍ബാരി. ദ്വീപില്‍ 19 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സിക വൈറസ് 40 ലേറെ രാജ്യങ്ങളിലേക്ക് പടരുന്നതായാണ് ലോകാരോഗ്യ സംഘടന നല്കുന്നു മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല