സ്വന്തം ലേഖകന്‍: വീണ്ടും മീശ പിരിച്ച് ലാലേട്ടന്, താരത്തിന് പിറന്നാള്‍ സമ്മാനമായി ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന് ടീസര്‍ എത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പുലിമുരുകന്റെ ടീസര്‍ യുട്യൂബില്‍ എത്തിയത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്. മുപ്പതു കോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന് പറയുന്നത്. പൂര്‍ണ്ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഉഗ്രന്‍ സംഘട്ടന രംഗങ്ങളും ഉണ്ടെന്നാണ് വിവരങ്ങള്‍. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത ടീസറിന് ആരാധകരില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല