സ്വന്തം ലേഖകന്‍: പിണറായിയുടെ ടീമില്‍ 19 അംഗങ്ങളെന്ന് സൂചന, സത്യപ്രതിജ്ഞ 25 ന്. പിണറായി വിജയന് നയിക്കുന്ന കേരള മന്ത്രിസഭയില്‍ സി.പി.എമ്മില്‍നിന്നു 12 പേരും സി.പി.ഐയില്‍ നിന്നു നാലു പേരും മന്ത്രിമാരാകും. ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) എന്നീ ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് ഒടുവിലത്തെ വിവരം.
സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കുമാണ്. പി. ശ്രീരാമകൃഷ്ണനെയാണു സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി സംസ്ഥാനസമിതി യോഗമാണു മന്ത്രിസഭ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. വകുപ്പുകള്‍ സത്യപ്രതിജ്ഞാദിനത്തില്‍ തീരുമാനിക്കും.
രണ്ടു വനിതകളുള്‍പ്പെടെ 12 സി.പി.എം. മന്ത്രിമാരുടെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തി. 25 നു വൈകിട്ടു നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയ്ക്കായി ചേരുന്ന ആദ്യ സമ്മേളത്തില്തന്നെ നയപ്രഖ്യാപനവും പുതുക്കിയ ബജറ്റും അവതരിപ്പിക്കും.
കേന്ദ്രസമിതി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്, സംസ്ഥാനസമിതി അംഗങ്ങളായ എ.സി. മൊയ്തീന്, ജി. സുധാകരന്, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്, കൊടകര ഏരിയാ കമ്മറ്റി അംഗം പ്രഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ക്കു പുറമേ ഇടതു സ്വതന്ത്രന് കെ.ടി. ജലീലും മന്ത്രിസഭയിലുണ്ടാകും.
തോമസ് ഐസക്കിനു ധനകാര്യവും കെ.കെ. ശൈലജയ്ക്ക് ആരോഗ്യവും ഇ.പി. ജയരാജനു വ്യവസായവകുപ്പും ലഭിക്കുമെന്നാണു സൂചന. ഇവരില്‍ ഐസക്കും ബാലനും സുധാകരനുമൊഴികെയുള്ളവര് മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല