സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന് പ്രസിഡന്റ് ഹസന് റുഹാനി, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്. ഇന്ത്യഇറാന്അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുടെ ത്രികക്ഷി കരാറാണിത്. റാനിലെ തെക്കു കിഴക്കന്‍ തുറമുഖ നഗരമായ ചബാഹറിന്റെ വികസനത്തിന് ഇന്ത്യ 50 കോടി ഡോളര്‍ നല്കുമെന്നു കരാറൊപ്പിട്ട ശേഷം നരേന്ദ്ര മോദി പറഞ്ഞു.
ചബഹാറിലെ സ്വതന്ത്ര വ്യാപാരമേഖലയില്‍ ഉരുക്കുനിര്‍മാണ കേന്ദ്രവും യൂറിയ പ്ലാന്റും ഉള്‍പ്പെടെയുള്ളവ ഇന്ത്യ നിര്‍മിക്കും. 2001ല്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ആദ്യം സഹായവാഗ്ദാനം ചെയ്തത് ഇറാനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തുറമുഖ വികസനത്തിനായി ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡും ഇറാനിലെ ആര്യ ബനാദറും അഞ്ചു കരാറുകളിലാണ് ഒപ്പുവച്ചത്.
ഭീകരവാദത്തെ ഒന്നിച്ചുനേരിടാനും രഹസ്യവിവരങ്ങള്‍ കൈമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നു കടത്ത് എന്നിവയെ ഫലപ്രദമായി നേരിടും. വാണിജ്യം, ഊര്‍ജം, വിദ്യാഭ്യാസം, സാംസ്കാരികം, റെയില്‍, പ്രതിരോധം സമുദ്രസുരക്ഷ എന്നീ മേഖലകളുടെ വികസനവും കരാറിലുണ്ട്. ആഗോള ഭീകരവാദം ഉള്‍പ്പെടെയുള്ള രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഗൗരവമായി ചര്‍ച്ച നടത്തിയെന്നും ഇറാനുമായി ചരിത്രപരമായ സൗഹൃദമാണുള്ളതെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവ്യാപാര ബന്ധത്തിന്റെ പ്രതീകമായി ചബാഹര് തുറമുഖം നിലകൊള്ളുമെന്നു സംയുക്ത പത്രസമ്മേളനത്തില്‍ റുഹാനി പറഞ്ഞു. മധ്യ ഏഷ്യയിലെ സാമ്പത്തിക ഊര്‍ജകേന്ദ്രമെന്നാണ് റുഹാനി ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം എടുത്തുകളഞ്ഞതോടെ ഇന്ത്യയുമായി സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നു റുഹാനി കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഇറാനിലെ ത്തിയത്. ഇറാനിലെ ഇന്ത്യന്‍ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്ത മോദി, ടെഹ്റാനിലെ ഗുരുദ്വാര സന്ദര്‍ശിച്ചു. ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള സയ്യിദ് അലി ഹുസൈനി ഖമേനിയുമായി കൂടിക്കാഴ്ച നടത്തി. 15 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന് സന്ദര്‍ശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല