സ്വന്തം ലേഖകന്‍: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചത്. അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
നൂറോളം പേര് ചേര്‍ന്ന സംഘമാണ് ടോകിയോയിലെ 16 ഇടങ്ങളില്‍ കവര്‍ച്ച നടത്തിയതെന്നാണ് സൂചന. മെയ് 15 ന് രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് പണം പിന്‍വലിക്കപ്പെട്ടത്. ഒരു തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 100,000 യെന്‍ ആയിരുന്നതിനാല്‍ 14, 000 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്.
2012 2013 വര്‍ഷങ്ങളില്‍ 26 രാജ്യങ്ങളില്‍ നിന്ന് 270 കോടിയോളം രൂപ അപഹരിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് ഇന്റര്‍പോള്‍ സഹായത്തോടെ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് ജാപ്പാനീസ് അന്വേഷണ സംഘം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല