1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2016

അനീഷ് ജോണ്‍: ഈ വരുന്ന ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ സര്‍വ്വ സജ്ജമായ വിന്‍ഡ് ലീ സ്റ്റേഡിയത്തില്‍ വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുമ്പോള്‍ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്നുറപ്പാണ്.

എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ നാഷണല്‍ കായിക മേളയിലേക്ക്.
വിവിധ റീജിയനുകളില്‍ നിന്നും വിജയിച്ചെത്തിയവര്‍ മാത്രം മാറ്റുരയ്ക്കുന്നു എന്നതിനാല്‍ മത്സരങ്ങള്‍ വീറുറ്റതാവുമെന്ന് തീര്‍ച്ച. റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

കായിക മേളക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന് ആരംഭിക്കും . കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന മാര്‍ച്ച് പാസ്റ്റ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കായികമേള ജനറല്‍ കണ്‍വീനര്‍ ശ്രീ.ബിജു തോമസ് പന്നിവേലില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സീസ് കവളക്കാട്ട് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.

യുക്മയുടെ പ്രമുഖ റീജിയനുകളില്‍ എല്ലാം തന്നെ ഇതിനകം സ്‌പോര്‍ട്‌സ് മേളകള്‍ നടത്തിക്കഴിഞ്ഞു. സൗത്ത് വെസ്റ്റ് റീജിയന്‍, സൗത്ത് ഈസ്റ്റ് റീജിയന്‍, വെയില്‍സ് റീജിയന്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. റീജിയണല്‍ മത്സരങ്ങള്‍ നടന്ന അതെ രീതിയില്‍ തന്നെയാണ് നാഷണല്‍ മത്സരങ്ങളും തയ്യാര്‍ ചെയ്തിരിക്കുന്നത്. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് മത്സരങ്ങളും 4 x 400 മീറ്റര്‍ റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്. യുകെയിലെ പ്രഗത്ഭരായ ടീമുകള്‍ ഏറ്റുമുട്ടുന്ന മേളയുടെ പ്രധാന ആകര്‍ഷണ ഇനമായ വടംവലി ഒരു ദിനം നീണ്ടു നില്‍ക്കുന്ന ഈകായിക മാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിക്കും .

വിജയികള്‍ക്ക് എല്ലാം ട്രോഫികളും മെഡലുകളും നല്കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജിയനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ച് ആദരിക്കുന്നതാണ്. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ജോയിന്റ് സെക്രട്ടറിയും കായികമേളയുടെ കോര്‍ഡിനേറ്ററും ആയ ബിജു തോമസ് പന്നിവേലില്‍ എന്നിവര്‍ അറിയിച്ചു.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം:
Wyndley Leisure Cetnre,
Clifton Road
Sutton Colfield,
Birmingham,
B73 6EB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.