സ്വന്തം ലേഖകന്‍: സഞ്ചാരികളേയും ബിസിനസുകാരേയും ആകര്‍ഷിക്കാന്‍ സന്ദര്‍ശക വിസയില്‍ മാറ്റം വരുത്തി ബഹ്റൈന്‍. അഞ്ചു ദിനാര്‍ അടച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ അറൈവല്‍ വിസയും 85 ദിനാറിന് ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശക വിസ (ഇ–വിസിറ്റ് വിസ)യ്ക്ക് 29 ദിനാര്‍ നല്‍കണം. ഇത് ഓണ്‍ലൈന്‍ വഴിയാണ് അനുവദിക്കുന്നത്. പുതിയ വ്യവസ്ഥപ്രകാരം അഞ്ചുദിനാര്‍ അടച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ അറൈവലായും ഓണ്‍ലൈനായും ബഹ്റൈന്‍ സന്ദര്‍ശക വിസ ലഭിക്കും. ഇത് ഒരുതവണയാണ് അനുവദിക്കുക.
85 ദിനാര്‍ നല്കി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ലഭിക്കുന്ന ഒരുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി’വിസയില്‍ മൂന്നുമാസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാനാകും. ഈ കാലാവധിയില്‍ പല തവണ ബഹ്റൈന്‍ സന്ദര്‍ശിക്കാമെന്ന സവിശേഷതയുണ്ട്.
ബഹ്റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് സന്ദര്‍ശക വിസ പരിഷ്കരിച്ചത്. സൌദി ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിലെ വിദേശികള്‍ക്ക് ബഹ്റൈനില്‍ വാരാന്ത്യം ചെലവഴിക്കാന്‍ വരണമെങ്കില്‍ 25 ദിനാര്‍ വിസയ്ക്ക് നല്‍കണം.
ഓരോ തവണയും സന്ദര്‍ശനത്തിനും ഇതു നല്‍കേണ്ട അവസ്ഥയാണ്. വിദേശ തൊഴിലാളിക്ക് ഏറ്റവും അടുത്ത ബന്ധുവിനെ കൊണ്ടുവരാനായി കുടുംബ സന്ദര്‍ശക വിസയും നിലവിലുണ്ട്. ഈ വിസയ്ക്ക് ഒരു മാസമാണ് കാലാവധി. മൂന്നു മാസംവരെ പുതുക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല