1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു രഹസ്യ അറയില്‍ മാത്രം 450കോടി രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ശേഖരം.സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം എത്തിയ ഏഴംഗസംഘം തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് തുടങ്ങിയ കണക്കെടുപ്പ് രാത്രി 8 മണി വരെ നീണ്ടിട്ടും ഒരു അറയിലെ ശേഖരങ്ങളേ തിട്ടപ്പെടുത്താനായുള്ളൂ.

തുറന്ന് പരിശോധിച്ച അറയില്‍ 450 സ്വര്‍ണക്കുടങ്ങള്‍, സ്വര്‍ണ വാര്‍പ്പ്, സ്വര്‍ണക്കുട, സ്വര്‍ണ ദണ്ഡ് തുടങ്ങി ഒട്ടേറെ അമൂല്യ വസ്തുക്കളുണ്ട്. അഞ്ച് അറകള്‍ ഇനി തുറക്കാനുണ്ട്. ഉത്സവകാലങ്ങളില്‍ തുറക്കുന്ന, വേദവ്യാസന് മുന്നിലുള്ള ‘സി’ അറയാണ് തിങ്കളാഴ്ച തുറന്നത്. ‘സി മുതല്‍ എഫ്’ വരെയുള്ള അറകള്‍ തുറക്കാനാണ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ എം.എന്‍. കൃഷ്ണന്‍, സി.എസ്. രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തിയത്.

എന്നാല്‍ ആദ്യഅറയിലെ വസ്തുക്കള്‍ കണക്കാക്കി തരംതിരിക്കാന്‍ പകല്‍ മുഴുവന്‍ ചെലവിടേണ്ടിവരുകയായിരുന്നു. എല്ലാ അറയിലും ഇതുപോലെ ശേഖരമുണ്ടെങ്കില്‍ ദിവസങ്ങള്‍വേണ്ടിവരും കണക്കെടുപ്പു പൂര്‍ത്തിയാക്കാന്‍ എന്നാണ് സൂചന.

തിങ്കളാഴ്ച കണ്ടെടുത്ത 450 സ്വര്‍ണക്കുടങ്ങളില്‍ ഓരോന്നിനും 1200 ഗ്രാം തൂക്കമുണ്ട്. കുടത്തിനെല്ലാംകൂടി നാലര ലക്ഷം ഗ്രാം തൂക്കമുണ്ടെന്ന് തിട്ടപ്പെടുത്തി. ഇവയുടെ മൂല്യം 90 ലക്ഷം രൂപയാണ്. സി അറയ്ക്ക് രണ്ട് വാതിലുകളാണ്.

മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പുറമേ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.പി. രജികുമാര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതിനിധിയായി രവിവര്‍മ്മ, അറ തുറക്കുന്നതിനായി കോടതിയെ സമീപിച്ച ടി.പി. സുന്ദര്‍രാജ്, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികുമാര്‍ എന്നിവരാണ് അറതുറക്കാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെയാണ് വസ്തുക്കള്‍ തിട്ടപ്പെടുത്തിയത്. കോടതി നിര്‍ദ്ദേശിച്ചവരെയല്ലാതെ മറ്റാരെയും ക്ഷേത്രത്തിലേക്ക് കടത്തിവിട്ടിരുന്നില്ല. കൊട്ടാരത്തിന്റെ പ്രതിനിധികളായി എത്തിയ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മയേയും പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയേയും കടത്തിവിട്ടാല്‍ തങ്ങളും കയറുമെന്ന് സുന്ദര്‍രാജിന്റെ അഭിഭാഷകന്‍ അനന്തപദ്മനാഭന്‍ പറഞ്ഞതോടെ ഇരുവരും തിരിച്ചുപോവുകയായിരുന്നു.

നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ‘എ, ബി’ അറകള്‍ തുറക്കുന്ന തീയതി വെള്ളിയാഴ്ചയാണ് തീരുമാനിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.